വയനാട് ജില്ലയ്ക്ക് ആശ്വാസമേകി രണ്ട് പേര്‍ കോവിഡ്19 വിമുക്തരായി. ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന  തൊണ്ടര്‍നാട് കുഞ്ഞോം കോക്കോട്ടില്‍ ആലിക്കുട്ടി(50), കമ്പളക്കാട് മുക്കില്‍ വളപ്പില്‍ അബ്ദുള്‍ റസാഖ് (56)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആസ്പത്രി വിട്ടത്.

അവസാന രണ്ട് സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവരെ ആസ്പത്രിയില്‍ നിന്നും വിടുതല്‍ ചെയ്യാന്‍ തീരുമാനിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ന്   ജില്ലാസ്പത്രി പ്രത്യേക കോവിഡ് വാര്‍ഡില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ ജനപ്രതിനിധികളും ജില്ലാ കളക്ടറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് കണിക്കൊന്ന നല്‍കി സ്വീകരിച്ചു. ഇവരെ പിന്നീട് പ്രത്യേക വാഹനത്തില്‍ വീടുകളിലേക്ക് യാത്രയാക്കി. വീടുകളില്‍ 28 ദിവസം വീണ്ടും നിരീക്ഷണത്തില്‍ കഴിയും.

തൊണ്ടര്‍നാട് സ്വദേശിയെ മാര്‍ച്ച് 26 നും കമ്പളക്കാട് സ്വദേശിയെ മാര്‍ച്ച് 30 നുമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ആസപ്രതിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെട്ടുവരികയാണ്. അടുത്ത ദിവസങ്ങളില്‍ ഇദ്ദേഹത്തിന് ആസ്പത്രി വിടാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് 19 പ്രതിരോധത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയോടുള്ള ഇടപെടലാണ് ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയത്. ജില്ലാസ്പത്രിയെ കോവിഡ് ആതുരാലയമാക്കി മാറ്റി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്,ജില്ലാ പഞ്ചായത്ത് അംഗം എ.ദേവകി,ഡി.എം.ഒ ഡോ.ആര്‍ രേണുക തുടങ്ങിയവര്‍ രോഗവിമുക്തി നേടിയവരെ യാത്രയാക്കാന്‍ എത്തിയിരുന്നു.