ഇടുക്കി :  കരാറുകാരില്ലാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നും തൊടുപുഴയിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊടുപുഴ വില്ലേജ് ഓഫീസിൻ്റെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. 13 ക്യാമ്പുകളിലായി താമസിക്കുന്ന 750 പേർക്കും രണ്ട് കുടുംബങ്ങൾക്കുമാണ് സർക്കാരിൽ നിന്നും ലഭ്യമാക്കിയ അരി എത്തിച്ച് നൽകിയത്. ഓരോരുത്തർക്കും അഞ്ച് കിലോ വീതം 75 ചാക്ക് അരിയാണ് വിതരണം ചെയ്തത്. താമസിക്കുന്ന കെട്ടിടത്തിൻ്റെ ഉടമകൾ എത്തിച്ച് നൽകിയ അരി മാത്രമേ ഏതാനും ചില ക്യാമ്പുകളിൽ ഉണ്ടായിരുന്നുള്ളൂവെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. തൊടുപുഴ നഗരസഭാ തൊഴിലാളികളുടെ സഹായത്തോടെ നഗരസഭയുടെ തന്നെ ലോറിയിൽ ഓരോ ക്യാമ്പുകളിലും അരി എത്തിച്ച് നൽകുകയായിരുന്നു. വില്ലജ് ഓഫീസർ ഹോർമിസ് കുരുവിളയുടെ നേതൃത്വത്തിൽ വില്ലേജിലെ എല്ലാ ജീവനക്കാരും വിതരണത്തിൽ പങ്കാളികളായി.