പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ആ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ഹെൽപ്പ് ഡെസ്‌ക്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യൻ അംബാസഡർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടർമാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ അവർക്ക് സംസാരിക്കാം. നോർക്ക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് നിവർത്തിവരുത്താം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആറുവരെ  ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇഎൻടി, ഓപ്താൽമോളജി ഡോക്ടർമാരുടെ ടെലിഫോൺ സേവനം ലഭിക്കും.

വിദേശത്ത് ആറുമാസത്തിൽ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോർക്കയിൽ രജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തും. മലയാളി വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡന്റ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ മലയാളി വിദ്യാർഥികളും ഇനി പഠനത്തിനു പോകുന്നവരും ഇതിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കും.