കണ്ണട ഷോപ്പുകൾക്ക് ആഴ്ചയിൽ ഒരുദിവസം പ്രവർത്തിക്കാൻ ഇളവുനൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിയുന്നത്ര പരീക്ഷകളും, മൂല്യനിർണയവും ഓൺലൈൻ വഴിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേനൽ മഴ ലഭിക്കുന്നതിനാൽ കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളവും കാർഷിക ഉപകരണങ്ങളും അവശ്യഘടകമാണ്. ഇതു രണ്ടും ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. കൊയ്ത്ത് തടസ്സമില്ലാതെ നടക്കാൻ കലക്ടർമാർ ഇടപെടും. റിസർച്ച് സ്‌കോളർമാർക്കുള്ള ഫെലോഷിപ്പ് കുടിശിക വിതരണം ചെയ്യാൻ നിർദേശം നൽകി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ ഇടപെടും. സന്നദ്ധം വളണ്ടിയർമാർ രജിസ്ട്രേഷൻ ഊർജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളിൽ 50ൽ താഴെ മാത്രം വളണ്ടിയർമാരാണുള്ളത്. ഈ വിഷയത്തിൽ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു.

സംസ്ഥാനത്ത് പൊലീസിന്റെ സേവനം നന്നായി നടക്കുന്നു എന്നാണ് ലോക്ക്ഡൗൺ കാലത്തെ പൊതു വിലയിരുത്തൽ. എന്നാൽ, വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവമുണ്ടാകുന്നുണ്ട്. ഔചിത്യപൂർണമായ ഇടപെടലാണ് വേണ്ടത്.
ജീവനക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലായതുകൊണ്ട് പല സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. കൃഷിഭവനുകൾ ഉൾപ്പെടെയുള്ളവ ആവശ്യാനുസരണം പ്രവർത്തനം ക്രമീകരിക്കണം.

കോവിഡ് രോഗം ബാധിച്ച മനുഷ്യരിൽനിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുരങ്ങൻമാർക്ക് ഭക്ഷണം നൽകുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നുറപ്പുവരുത്തണം. കാടിനോട് അടുത്ത പ്രദേശങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ കുരങ്ങൻമാരിൽനിന്ന് വിട്ടുനിൽക്കണം. ഈ ഘട്ടത്തിൽ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും വനംവകുപ്പ് നിർദേശം നൽകി.

മത്സ്യം പിടിച്ചെടുക്കുമ്പോൾ പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ. അതിഥി തൊഴിലാളികൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അവരുടെ കുരുട്ട് രാഷ്ട്രീയത്തിന്റെയും ഉൽപന്നമാണ്. കഷ്ടത അനുഭവിക്കുമ്പോൾ കൈത്താങ്ങ് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

മെച്ചപ്പെട്ട ഭക്ഷണം അവർക്ക് ലഭ്യമാക്കാനുള്ള ഇടപെടൽ തുടർന്നും ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് നാടുകളിലേക്ക് തിരിച്ചുപോകാൻ യാത്രാ സൗകര്യം വേണമെന്ന് വീണ്ടും വീണ്ടും അവർ ആവശ്യപ്പെടുന്നുണ്ട്. അതിനായി ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിൻ ഏർപ്പാടുചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ട ഒരു വാർത്ത വയനാട്ടിൽ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്നതാണ്. അന്വേഷിച്ചപ്പോൾ വയനാട്ടിൽ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല. പിന്നീടാണ് വയനാട് മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽനിന്നാണ് അങ്ങനെ ഒരു വാർത്ത ചില പത്രങ്ങളിൽ വന്നത് എന്ന് മനസ്സിലായി. അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവർക്കും ആവശ്യമായ സഹായങ്ങൾ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തി കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.