കലാകാരൻമാരെ സഹായിക്കാൻ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുള്ള പതിനായിരം പേർക്ക് പ്രതിമാസം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1000 രൂപ നിരക്കിൽ രണ്ടു മാസക്കാലത്തേക്കാണ് ധനസഹായം. ഇതിനായി മൂന്നുകോടി രൂപ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽനിന്ന് ചെലവഴിക്കും.

നിലവിൽ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽനിന്നും പ്രതിമാസം 3000 രൂപ വീതം പെൻഷൻ ലഭിക്കുന്ന 3012 പേർക്ക് പുറമെയാണിത്. കോവിഡ് കാലത്ത് ലോക്ക്ഡൗൺമൂലം പ്രയാസത്തിലായ 20,000ത്തോളം വരുന്ന കലാകാരൻമാർക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും.

വിവിധ സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് നീക്കിവെച്ച 2020-21ലെ തുകയുടെ 25 ശതമാനമായ 6.75 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുക.
പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികൾ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്.

ഇവർക്ക് 1000 രൂപ വീതം നൽകും. സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകാൻ 8.53 ലക്ഷം രൂപ അനുവദിച്ചു. ആധാരമെഴുത്ത്, കൈപ്പട, വെണ്ടർമാർ എന്നിവരുടെ ക്ഷേമനിധിയിൽനിന്നും ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും 3000 രൂപ ധനസഹായം വിതരണം തുടങ്ങി.

സംസ്ഥാനത്തെ കേബിൾ ടിവി ഓപ്പറേറ്റർമാർ വൈദ്യുതി ബോർഡിനു നൽകുന്ന പോസ്റ്റുകളുടെ വാടകയിൽ ഇളവുകൾക്ക് വൈദ്യുതി ബോർഡിനോട് നിർദേശിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക പലിശരഹിതമായി അടയ്ക്കാൻ ജൂൺ 30 വരെ സാവകാശം നൽകാമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിരം കാറ്ററിങ് സംഘങ്ങളിൽ വിളമ്പുകാരായും പാചക സഹായികളായും തൊഴിലെടുക്കുന്ന മൂന്നു ലക്ഷത്തോളം തൊഴിലാളികൾക്ക് വരുമാനമില്ലാതായി. ഫോട്ടോ-വീഡിയോ ഗ്രാഫർമാർ, തെങ്ങു-പന കയറ്റ തൊഴിലാളികൾ, ടെക്സ്റ്റയിൽ ഷോപ്പുകളിലെയും മറ്റും ജീവനക്കാർ- ഇവരൊക്കെ ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ക്ഷേമനിധി ഉള്ള മേഖലകളിൽ അതു മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്.

ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നൽകും. ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് അവശ്യംവേണ്ട സൗകര്യങ്ങൾ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.