എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൈനിക ആവശ്യത്തിനായി വികസിപ്പിച്ചെടുന്ന ഭക്ഷണം ലഭ്യമാക്കി ഡി.ആര്‍.ഡി.ഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ). നാലായിരം റെഡി ടു ഈറ്റ് ഭക്ഷണ പായ്ക്കറ്റുകളാണ് ഡി.ആര്‍.ഡി.ഒയ്ക്ക് കീഴിലുള്ള കാക്കനാട്ടെ എൻപിഒഎൽ (നേവൽ ഫിസിക്കൽ ആന്റ് ഒഷ്യനോ ഗ്രാഫിക് ലാബറട്ടറി) ജില്ലയില്‍ വിതരണത്തിനായി കൈമാറുന്നത്.

തൃക്കാക്കര എൻ.പി.ഒ.എൽ സന്ദർശിച്ച മന്ത്രി വി.എസ്. സുനിൽകുമാറിന് ഡി.ആര്‍.ഡി.ഒ അധികൃതർ ഭക്ഷണ പായ്ക്കറ്റുകൾ കൈമാറി. അതിവേഗം ഊര്‍ജ്ജം ലഭ്യമാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണിവ. വെജ് ബിരിയാണി, വെജ് പുലാവ്, സൂചി ഹല്‍വ, ടൊമാറ്റോ റൈസ് എന്നിവയ്ക്ക് പുറമേ വിവിധതരം ജൂസുകളും മധുരവിഭവങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

ഭക്ഷണ പായ്ക്കറ്റുകൾക്ക് പുറമേ ഡി.ആര്‍.ഡി.ഒ. നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറുകളും മന്ത്രിക്ക് വിതരണത്തിനായി കൈമാറി.

ഡി.ആര്‍.ഡി.ഒയുടെ മൈസൂരിലുള്ള ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തവയാണിവ12 മാസംവരെ കേട്കൂടാതെ സൂക്ഷിക്കാവുന്ന പായ്ക്കറ്റുകളില്‍ കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ല. ഭക്ഷണ പായ്ക്കറ്റുകളുടെ ഉപയോഗരീതി ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരായ സമീര്‍ അബ്ദുള്‍ അസീസ്, പി. ആനന്ദ്, ഷാന്‍ വി.പി എന്നിവര്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന് വിശദീകരിച്ചു.

ജില്ലയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഇവ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.