എറണാകുളം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവില്‍സ്‌റ്റേഷനില്‍ ശരീരം മുഴുവന്‍ അണുവിമുക്തമാക്കുന്നതിനായുള്ള ബോഡി സാനിറ്റൈസേഷന്‍ ചേമ്പര്‍ സജ്ജീകരിച്ചു. സിവില്‍സ്‌റ്റേഷനില്‍ എത്തുന്നവരെ അണുവിമുക്തരാക്കി പ്രവേശിപ്പിക്കുന്ന വിധത്തിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിന്‍ അപ്ടൗണ്‍ റോട്ടറി ക്ലബാണ് ചേമ്പര്‍ തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചേമ്പറിലൂടെ സിവിൽസ്റ്റേഷനില്‍ പ്രവേശിച്ച് സാനിറ്റൈസേഷന്‍ ചേമ്പര്‍ ഉദ്ഘാടനം ചെയ്തു.
എട്ട് അടി നീളത്തില്‍ അലൂമിനിയം ഫ്രെയിമില്‍ തീര്‍ത്ത ടണലില്‍ നൂതന സ്‌പ്രെയറുകള്‍ ഘടിപ്പിച്ചാണ് ചേമ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. നേര്‍പ്പിച്ച ഹ്രൈഡ്രജന്‍ പെറോക്‌സൈഡ് ലായിനിയാണ് അണുനാശിനിയായി ഉപയോഗിക്കുന്നത്. റോട്ടറി ക്ലബ് അംഗമായ അജില്‍ ജോസാണ് ചേമ്പര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം ഒരുക്കിയത്. 35000 രൂപ ചെലവിലാണ് ചേമ്പര്‍ സജ്ജീകരിച്ചിരിക്കുന്നത്. കൈകള്‍ ഉയര്‍ത്തി ടണലിലൂടെ എത്തുന്നവരുടെ ദേഹം നനയുകയില്ല. അത്രയും നേര്‍ത്തരീതിയിലാണ് ലായിനി ഈ സംവിധാനത്തിലൂടെ സ്‌പ്രേ ചെയ്യുന്നത്.
സാനിറ്റൈസേഷന്‍ ചേമ്പറിന്റെ ഉദ്ഘാടന വേളയില്‍ എ.ഡി.എം കെ. ചന്ദ്രശേഖന്‍ നായര്‍, റോട്ടറി കൊച്ചി അപ്ടൗണ്‍ ക്ലബ് പ്രസിഡന്റ് ഇ.എസ് രാജേഷ്, സെക്രട്ടറി സുനില്‍ പോള്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ചേമ്പറുകള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുന്നതായി റോട്ടറി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.