കോവിഡ്-19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇളവ് നൽകി ചുവടെപ്പറയുന്ന വിഭാഗങ്ങൾക്ക് ഉപാധികളോടെ പ്രവർത്തിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.
എയർകണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി മൂന്ന് ജീവനക്കാരെ നിയോഗിച്ചു തുറന്ന് പ്രവർത്തിക്കാം.

വയോജനങ്ങൾക്ക് കണ്ണട തകരാറുകൾ പരിഹരിക്കുന്നതിനും പുതിയവ വാങ്ങുന്നതിനും കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി രണ്ട് ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാൽ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് ഈ പ്രവൃത്തിയിലേർപ്പെടാം.
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ സ്ഥാപനങ്ങളിൽ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികൾ വീട്ടിൽ നിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അത്തരം സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് പ്രവർത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാവുന്നതുമാണ്.
ഈ സ്ഥാപനങ്ങൾ/ തൊഴിലാളികൾ പ്രവർത്തിക്കുമ്പോൾ കോവിഡ്-19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ‘ബ്രേക്ക് ദി ചെയിൻ’ പരിപാടിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.