ജില്ലയുടെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരാൻ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അന്തിമ രൂപമായി. ഇതു സംബന്ധിച്ച് ഉന്നത തല യോഗം കാർഷിക വികസന-കർഷക ക്ഷേമവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ മാനന്തവാടി ആർ.ഡി.ഒ ഓഫീസിൽ നടന്നു. ഈ വർഷം പ്രാഥമിക ഘട്ടമെന്ന നിലയിൽ 115 ലക്ഷം രൂപ നെൽകൃഷി മേഖലയ്ക്കും 20 ലക്ഷം രൂപ പൂക്കൃഷിയ്ക്കും വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പണം ലഭ്യമായ സാഹചര്യത്തിൽ ഇനി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കും. സർക്കാർ തലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് മുൻകൈയ്യെടുക്കണം. പ്രത്യേക കാർഷിക മേഖലയാക്കുമ്പോൾ പരമ്പരാഗത നെല്ല് വിത്ത് സംരക്ഷണം, പൂക്കൃഷി, പഴം കൃഷി എന്നിവയ്ക്കാണ് സോൺ രൂപവത്കരിക്കുന്നത്. വയനാടിന്റെ തനത് നെല്ലിനങ്ങൾ, സുഗന്ധനെൽകൃഷി, പരമ്പരാഗത നെല്ല് വിത്തുകളുടെ സംരക്ഷണം, ചെറുധാന്യങ്ങളുടെ ഉത്പാദനം ,നെൽക്കൃഷി വ്യാപനം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുക. ആദിവാസി കൃഷിമേഖലയുമായി ബന്ധപ്പെട്ട സർവേ കൃഷി വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ആദിവാസി മേഖലയ്ക്കും അവരുടെ വരുമാനത്തിനും പദ്ധതിയിൽ പ്രാമുഖ്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. പഴക്കൃഷി പത്തു പഞ്ചായത്തുകളിലാണ് പരീക്ഷണ ഘട്ടത്തിൽ നടപ്പാക്കുക. തുടർന്ന് മറ്റ് പഞ്ചായത്തുകളിലേക്കും ഇവ വ്യാപിപ്പിക്കും.

10 ഫ്രൂട്ട് വില്ലേജുകളാണ് ജില്ലയിൽ സ്ഥാപിക്കുക. പുൽപ്പള്ളി, മുള്ളൻകെ#ാല്ലി, അമ്പലവയൽ, ബത്തേരി, മൂപ്പൈനാട്, തവിഞ്ഞാൽ, തെ#ാണ്ടർനാട് , എടവക, പടിഞ്ഞാറത്തറ, മേപ്പാടി പഞ്ചായത്തുകളാണ് പഴകൃഷിക്ക് തെരഞ്ഞെടുത്തത്.
അവക്കാഡോ(വെണ്ണപ്പഴം) റംബൂട്ടാൻ, ലിച്ചി ,മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട്് എന്നിവയാണ് കൃഷിചെയ്യുക. ലഭ്യമായ റംബൂട്ടാൻ തൈകൾ ഉപയോഗിക്കാനും ബാക്കി പപ്പായ കൃഷി ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. ബത്തേരിയിലെ മാർക്കറ്റ്, വയനാട്ടിലെ പാക്ക് ഹൗസ് , മില്ല് എന്നിവ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, കൃഷി വകുപ്പ് ഡയറക്ടർ സുനിൽകുമാർ, ഡോ.രാജശേഖരൻ നായർ , സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ജസ്റ്റിൻ മോഹൻ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ പി.എച്ച്.മെഹർബാൻ, ബന്ധപ്പെട്ട ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.