ലോക്ക് ഡൗൺ മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരൻമാർക്കും അനുബന്ധപ്രവർത്തകർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ധനസഹായം നൽകുന്നതിന് കേരള സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റിൽ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാം.  ഇതിനുള്ള സൗകര്യം 20 മുതൽ ലഭിക്കുമെന്ന് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ അറിയിച്ചു.

കല ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരും കോവിഡ് 19 മഹാമാരിമൂലം ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടവരുമായ കലാകാ രൻമാർ, കലാപ്രകടനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ 10 വർഷമായി കലാമേഖലയിൽ സജീവമായും തുടർച്ചയായും പ്രവർത്തിക്കുന്നവരായിരിക്കണം.

പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തവർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നും പ്രതിമാസ പ്രതിഫലമോ, ധനസഹായമോ, ശമ്പളമോ, പെൻഷനോ നിലവിൽ കൈപ്പറ്റാത്തവരുമായ വ്യക്തികൾക്കാണ് സഹായം.  കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് പ്രത്യേക ധനസഹായമുള്ളതിനാൽ ഇതിന് അപേക്ഷിക്കാനാവില്ല.