സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സഹകരണ സംഘങ്ങൾ വഴി നെല്ല് നേരിട്ട് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നെല്ല് സംഭരണത്തിൽ കർഷകരും മില്ലുടമകളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ശ്വാശത മാർഗം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുന്നതാണ്. ഇക്കാര്യം പഠിക്കുന്നതിനായി മിനി ആന്റണി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതാണോ സഹകരണ സംഘങ്ങൾ സംഭരിച്ച് സപ്ലൈകോ അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതാണോ നല്ലതെന്ന് കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നൽകും. കർഷകർ സഹകരണ ബാങ്കുകളിൽ അകൗണ്ട് തുടങ്ങിയാൽ ഉടനടി പണം കൈമാറാനാകും. രാജ്യത്ത് നെൽ കർഷകർക്ക് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇതിന്റെ പൂർണ്ണമായ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന ഒരുമണി നെല്ല് പോലും നശിക്കാതെ കുറ്റമറ്റ രീതിയിൽ നെല്ല് സംഭരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.വി വിജയദാസ് എം.എൽ.എ., ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ് ബാബു, സിവിൽ സപ്ലൈസ് – കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ, മില്ലുടമകൾ പങ്കെടുത്തു.