ഭാരതപുഴയിലേക്കുളള മാലിന്യനിക്ഷേപവും കയ്യേറ്റവും തടയാന്‍ കര്‍ശന നിരീക്ഷണ സംവിധാനം, നദീതീരത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത, പ്രശ്‌ന പരിഹാരത്തില്‍ പൊലീസ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥ സമൂഹത്തില്‍ നിന്നുളള അനുകൂല സമീപനം, , നദിയുടെ നീരൊഴുക്ക് ഉറപ്പാക്കാനുളള പ്രവര്‍ത്തനം, തുടങ്ങിയ സമ്മിശ്ര അഭിപ്രായങ്ങളാണ് ജില്ലാ പഞ്ചായത്ത് ഹരിതകേരളമിഷനുമയി കൈകോര്‍ത്ത് നടപ്പാക്കുന്ന ‘ ഭാരതപുഴ പുനരുജ്ജീവന ‘ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഖ്യധാര മാധ്യമങ്ങളിലേതുള്‍പ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടത്തിയ പദ്ധതിയ്ക്കായുളള അഭിപ്രായസ്വരൂപണം ലക്ഷ്യമിട്ട് നടത്തിയ മാധ്യമ ശില്‍പശാലയിലാണ് അഭിപ്രായമുയര്‍ന്നത്. ഭാരതപുഴയെ കുറിച്ച് സൂക്ഷമമായി പഠനം നടത്തി പൂഴതിരത്തെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പഠിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന പ്രദേശികലേഖകരുതുള്‍പ്പെടെയുളള മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായസ്വരൂപണം പദ്ധതിയ്ക്ക് അത്യാവശ്യമാണ്. പുഴതിരത്തെ അനധികൃത കയ്യേറ്റവും മണലൂറ്റും മാലിന്യനിക്ഷേപമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പൊതുജനങ്ങളില്‍ നിന്ന് പരാതിയില്ല എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന സമീപനം നടപടി സ്വീകരിക്കേണ്ടവരില്‍ നിന്നുണ്ടാകുന്നത് ഒഴിവാകേണ്ടതാണ്.പ്രദേശത്തെ പ്രശ്‌നാധിഷ്ഠിത വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള പ്രവണതയും ചില മേഖലയില്‍ നിന്നുണ്ടാകുന്നുണ്ട്. പുഴ പ്രദേശത്തെ അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരന്തരവും സുശക്തവുമായ നിരീക്ഷണവും ഇടപെടലും തുടര്‍ന്നുളള ശിക്ഷാ നടപടികളും ഉണ്ടായാല്‍ മാത്രമെ ഭാരതപുഴ പുനരുജ്ജീവന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് സാധ്യമാകൂവെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ജില്ലയുടെ സമഗ്രജലസുരക്ഷയാണ് ഭാരതപുഴ പുനരുജ്ജീവന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ശില്‍പശാലയുടെ പ്രാരംഭ പ്രസംഗത്തില്‍ വ്യക്തമാക്കി. ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ചുളള വിനിയോഗം സാധ്യമാക്കാന്‍ ജലസാക്ഷരതയും ജലബഡ്കറ്റും പ്രയോഗികമാക്കിയുളള നീക്കമാവും പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുക. ജില്ലയിലെ വാര്‍ഡ്തലം മുതലുളള ജലസ്രോതസ്സുകളുടെ കൃത്യവും വ്യക്തവുമായ കണക്കെടുത്ത് അവയുടെ നവീകരണവും ശുചീകരണവും സുസ്ഥിരപരിപാലനവും പദ്ധതിയോടനുബന്ധിച്ച് ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് -മുന്‍സിപ്പാലിറ്റി- ജില്ലാതലത്തിലും സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകപരിസ്ഥിതിദിനമായ കഴിഞ്ഞ ജൂണ്‍ അഞ്ചിന് ‘ ഭാരതപുഴദിനാചരണം നടത്തി. പുഴയോരത്ത് ഗ്രാമബ്ലോക്ക് പഞ്ചായത്തുകള്‍ മരങ്ങള്‍ വെച്ച് പരിപാലിച്ച് വരുന്നു. എല്ലാ സ്‌ക്കൂളുകളിലും വിദ്യാര്‍ഥികള്‍ ഭാരതപുഴസംരക്ഷണ പ്രതിജ്ഞയെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ തല ക്ലബുകളുടെ പ്രവര്‍ത്തനവും ഉറപ്പാക്കിയിട്ടുണ്ട്. നഗരവത്കരണത്തിന്റെ തീവ്രത, വിഭവ ചൂഷണം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ക്വാറികളുടെ പ്രവര്‍ത്തനം, അമിതമായ ജലചൂഷണം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ചും പുഴയുടെ ആഴത്തെ കുറിച്ചും പുഴയിലെ ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും പഠനം നടത്തിവരികയാണ്. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച 15 അംഗ കോര്‍കമ്മിറ്റിക്കും ഇതേ രൂപഘടനയില്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തിലും രൂപീകരിച്ച കമ്മിറ്റികള്‍ക്കെല്ലാം തന്നെ സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്ത് നി്ന്നുളള പ്രവര്‍ത്തന അംഗീകാരം നേടിയെടുത്ത് ഭാരതപുഴസംരക്ഷണം സംസ്ഥാനതലത്തില്‍ തന്നെ മാതൃകാ പദ്ധതിയായി ആവിഷകരിക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. സംസ്ഥാന ബഡ്ജറ്റില്‍ ഭാരതപുഴ പുനരുജ്ജീവനത്തിനായി അഞ്ച് കോടി നീക്കി വെച്ചത് പദ്ധതിയുടെ വിജയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സലിം, ഐ.ആര്‍.ടി.സി കണ്‍സള്‍ട്ടന്റ് ഡോ. വാസുദേവന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, പദ്ധതി കോര്‍ കമ്മിറ്റി അംഗം എന്‍.ബി ഗോവിന്ദ രാജന്‍, ഐ.എം സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.