കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ തീച്ചൂളയില്‍ അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടുമായി ജില്ലയിലെ പഞ്ചായത്തു വകുപ്പ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.റെജികുമാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വകുപ്പിലെ തന്നെ ജീവനക്കാരാണ് ‘ലോകമേ ഉണരൂ’എന്ന സംഗീതശില്പം തയ്യാറാക്കിയത്.
‘ലോകമേ ഉണരൂ ഒരു സ്‌നേഹഗീതവുമായി’എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ബിനു കല്‍പ്പകശേരി,പ്രതീഷ് കൂവത്തൊട്ടി,അശ്വിന്‍ ചന്ദ്രന്‍ എന്നിവരാണ്.പ്രതീഷ് ചെമ്മനാട് പഞ്ചായത്ത് ജീവനക്കാരനാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ജീവനക്കാരനായ മധുവിന്റെ അനന്തരവനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അശ്വിന്‍.
സംഗീതം നല്‍കിയത് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ക്ലാര്‍ക്കും സംഗീതാദ്ധ്യാപകനുമായ പ്രവീണ്‍ പാക്കം.ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ദേവദാസ്.പി,ഹെഡ് ക്ലാര്‍ക്ക് പ്രതീഷ്,മധുര്‍ പി.എ.യു ജൂനിയര്‍ സൂപ്രണ്ട് ജയരാജ് കൂട്ടക്കണി,വലിയപറമ്പ പഞ്ചായത്ത് ജീവനക്കാരി സുനിത പി.പി എന്നിവരോടൊപ്പം പ്രവീണ്‍ പാക്കവും പാടുന്നു. പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരായ കെ.വി.രാജീവ്കുമാര്‍,ബി.എന്‍.സുരേഷ് എന്നിവരാണ് ആശയവും ഏകോപനവും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.റെജികുമാര്‍.അസി:ഡയറക്ടര്‍ പി.എംധനീഷിനു സി.ഡി.കൈമാറി പ്രകാശനം ചെയ്തു.ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടിയ സംഗീതശില്പം യൂ ട്യൂബില്‍ ലിങ്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണി പോരാളികളായ പഞ്ചായത്തു ജീവനക്കാരുടെ തനതു കയ്യൊപ്പായി മാറുകയാണീ ഗാനം.