വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ജില്ലയില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കമ്മീഷന്‍ അദാലത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മാതാപിതാക്കളുടെ അമിത സ്വാധീനം മൂലം വിവാഹബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടവര്‍, നിയമപരമായി വിവാഹിതരാകാതെ ഒന്നിച്ചു ജീവിച്ചു പ്രശ്‌നത്തിലായവര്‍, മദ്യപാനം മൂലം ഒത്തുപോകാനാവാതെ വന്നവര്‍ തുടങ്ങി കമ്മീഷന്റെ മുന്നിലെത്തുന്ന വിവിധ കുടുംബകേസുകളുടെ പശ്ചാത്തലത്തിലാണ് കൗണ്‍സിലിംഗ് നടത്തുന്നത്. ഫാമിലി ബഡ്ജറ്റിംഗില്‍ ഉള്‍പ്പടെ പ്രായോഗിക ജീവിത പരിജ്ഞാനം നല്‍കുക കൂടിയാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്.
അദാലത്തില്‍ 84 കേസുകളാണ് പരിഗണിച്ചത്. 21 എണ്ണം തീര്‍പ്പാക്കി. 12 കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. 51 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. അടുത്ത അദാലത്ത് ഫെബ്രുവരി 26ന് നടക്കും.
സ്വത്ത് തര്‍ക്കങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് അദാലത്തില്‍ പൊതുവെ എത്തിയ കേസുകള്‍. ശാരീരിക പ്രശ്‌നങ്ങളുളളതും വൃദ്ധമാതാവിനൊപ്പം താമസിക്കുന്നതുമായ യുവതിയെ വിവാഹാഭ്യര്‍ത്ഥന നല്‍കി വഞ്ചിച്ച് വസ്തുവിന്റെ ആധാരവും 20000 രൂപയും നാലു പവനും കവര്‍ന്ന് മുങ്ങിയെന്ന പാലാ സ്വദേശിനിയുടെ പരാതിയില്‍ ഏഴു തവണ സിറ്റിങ്ങിന് വിളിച്ചിട്ടും എതിര്‍കക്ഷി ഹാജരാവാതെ ഭാര്യയെ മാത്രം അയച്ചതിനെ തുടര്‍ന്ന് കക്ഷിയെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കുന്നതിന് പാലാ സിഐക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ ശമ്പളക്കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ടുളള തര്‍ക്കവും കമ്മീഷന്‍ ഇടപെടലില്‍ പരിഹരിച്ചു. ഏഴു ദിവസത്തിനകം ഇതു സംബന്ധിച്ച് ഇരുകക്ഷികളും ഒപ്പിട്ട ധാരണ കമ്മീഷനെ ഏല്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഭര്‍ത്താവ് സുന്ദരനല്ല, മദ്യപാനിയാണ് തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് മകളുമായി ഇറങ്ങിപ്പോയി മറ്റൊരാള്‍ക്കൊപ്പം ജീവിതം തുടങ്ങിയ ഭാര്യയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ എലിക്കുളം സ്വദേശിയുടെ പരാതിയും കമ്മീഷന്റെ മുന്‍പിലെത്തി. കോടതി ഉത്തരവുണ്ടായിട്ടും പുരയിടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം വെട്ടി മാറ്റുന്നില്ലെന്ന കാഞ്ഞിരപ്പളളി സ്വദേശിയുടെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോട് കമ്മീഷന്‍ വിശദീകരണം തേടി. കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി എ ജോസ്, സുരേന്ദ്രന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജിമോള്‍, ജ്യോതി ചന്ദ്രന്‍ തുടങ്ങിയവര്‍ പരാതികള്‍ പരിഗണിച്ചു.