നിര്‍മ്മാണ സാമഗ്രികള്‍ കിട്ടാനില്ല എന്നതിന്റെ പേരില്‍ കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണം വൈകിപ്പിക്കാന്‍ കരാറുകാര്‍ക്ക് കൂട്ട് നില്‍ക്കരുതെന്നും നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഡ്വ. ഡോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. കേന്ദ്രാവിഷകൃത പദ്ധതികളുടെ അവലോകനത്തിനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന ദിശ മീറ്റിംഗില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ പദ്ധതികള്‍ കരാറുകാര്‍ ഏറ്റെടുത്തശേഷം പാറമടകളുടെ എണ്ണമോ ഉല്പാദനമോ കുറഞ്ഞിട്ടില്ല. പാറമണലിന്റെയും മറ്റും കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നത് തടയാന്‍ ജില്ലാകലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദരിദ്ര ജനവഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യമെന്നും അതിനാല്‍ ഇവര്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ ലേബര്‍ ബജറ്റ് ഉണ്ടാക്കണമെന്നും എം.പി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, കൃഷി സഞ്ചായി യോജന, ഗ്രാമസഡക് യോജന, സ്വച്ഛ്ഭാരത് മിഷന്‍, ആര്‍.എം.എസ്.എ, ഉച്ചഭക്ഷണ പദ്ധതി, എന്‍.എസ്.എ.പി, എന്‍.എച്ച്.എം, ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാംജ്യോതി യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ തുടങ്ങിയ വിവധ പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.