കൊറോണ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ ഒരു അടയാളപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മംഗല്‍പാടി താലൂക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍. ആശുപത്രിയിലെ ഓ പി കൗണ്ടറിനു മുന്‍പില്‍  പാഴ്‌വസ്തുക്കള്‍ കൊണ്ട് ഒരു വലിയ കൊറോണ വൈറസ് ശില്‍പമാണ് ഇവര്‍  ഒരുക്കിയത്. കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികള്‍, ന്യൂസ് പേപ്പര്‍ മുതലായവ ഉപയോഗിച്ചാണ് ശില്‍പം ഒരുക്കിയത്. ജോലിത്തിരക്കിനിടയില്‍ വല്ലപ്പോഴും ലഭിക്കുന്ന ഇടവേളകളിലാണ് ഇവര്‍ ശില്‍പം തയ്യാറാക്കിയത്. തലപ്പാടി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെയും, ആശുപത്രിയിലെയും, ഫീല്‍ഡിലെയും വിശ്രമരഹിതമായ ജോലിക്കിടയില്‍ മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഈ പ്രവര്‍ത്തനം  സഹായിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിയിലെ ഫാര്‍മസിസ്റ്റ രാജീവ് എന്‍ പി  ആണ് ഈ ആശയം പങ്കുവെക്കുകയും ശില്പനിര്‍മാണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തത്. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ റിജോയ്, ഭാസ്‌കരന്‍ പി, അഖില്‍ കെ, സുരേന്ദ്രന്‍  എം, ബിജു  പി എന്നിവര്‍ ശില്പ നിര്‍മാണത്തില്‍ പങ്കാളികള്‍ ആയി.