കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നിവ പരിപോഷിപ്പിക്കുന്നതിനായി സർക്കാർ രൂപം നൽകിയ സുഭിക്ഷകേരളം പദ്ധതിയുടെ തിരുവനന്തപുരം  ജില്ലാതല ഏകോപന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ ചേർന്നു.

കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ഉത്പാദന മുരടിപ്പു തടയാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. ജില്ലാ പഞ്ചായത്തിനാണ് ഏകോപനചുമതല. ഭക്ഷ്യഉത്പാദനത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. മേയർ കെ. ശ്രീകുമാർ എല്ലാ പിന്തുണയും യോഗത്തിൽ അറിയിച്ചു.

മൂന്ന് സെഷനുകളായി കൂടിയ യോഗത്തിൽ വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും  പങ്കെടുത്തു. ലേക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം നടന്നത്. യോഗത്തിൽവച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണററേറിയം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 1,84,200 രൂപ വി.കെ. മധു മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.

 

5000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ 5000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി-മൃഗസംരക്ഷണം-വ്യവസായം-സഹകരണം-മത്സ്യ വകുപ്പുകളെ ഏകോപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നെൽകൃഷി, പച്ചക്കറികൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സഹകരണ ബാങ്കുകൾ, വോളന്റിയർ സേന, കാർഷിക വികസന സമിതികൾ, കർഷക സംഘടനകൾ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും. ഗുണനിലവാരമുള്ള വിത്തുകളും തൈകളും കൃഷിവകുപ്പ് എത്തിച്ചുനൽകും. മെയ് 25നും 30നുമിടയിൽ തരിശുഭൂമികളിൽ നടീൽ ഉത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ആവസാനത്തോടെ വിളവെടുക്കും. കോവിഡിനു ശേഷം ഉണ്ടാകാനിടയുള്ള ഉത്പാദന മുരടിപ്പ് പദ്ധതിയിലൂടെ തടയാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും പദ്ധതി ഏകോപിപ്പിക്കുന്നതിനുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധികളുടെ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.