അയൽ സംസ്ഥാനത്തു നിന്നും ദിവസേന നിരവധി ആളുകൾ എത്തിത്തുടങ്ങിയതോടെ ജില്ലാ അതിർത്തിയായ ഇഞ്ചിവിള സദാ ഉണർന്നിരിക്കുകയാണ്. പൊലീസും മെഡിക്കൽ സംഘവും മറ്റ് ഉദ്യോഗസ്ഥരും കർമ്മനിരതരായി പ്രവർത്തിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് അതിർത്തി കടത്തി ആളുകളെ വിടുന്നതെങ്കിലും രാത്രി വൈകിയും യാത്രക്കാർ എത്തുന്നുണ്ട്. അതിനാൽ തന്നെ 24 മണിക്കുറും അതിർത്തി ഉണർന്നിരിക്കുന്നു.

വൈകിയെത്തുന്നവർക്ക് തങ്ങാകാൻ താൽകാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് വരെ ഇവിടെ വിശ്രമിക്കാം. ഭക്ഷണം, കുടിവെള്ളം  , സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്ത വിശ്രമ മുറികൾ, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലൻസ്, വീൽചെയർ സൗകര്യം,  എന്നിവയും ഇവിടെ ലഭിക്കും. റോഡിന് ഇരുവശവും പാർക്കിംഗ് സൗകര്യം സജ്ജീകരിച്ചു.  ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ അണുവിമുതമാക്കി തെർമൽ സ്‌കാനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും.

ടോക്കൺ സംവിധാനത്തിലൂടെയാണ് അതിർത്തിയിൽ മെഡിക്കൽ പരിശോധന നടക്കുന്നത്. യാത്രക്കാരുടെ വിവരങ്ങും ഫോമുകളിൽ രേഖപ്പെടുത്തും. നാല് ഡോക്ടർമാർ, നാല് പാരാ മെഡിക്കൽ സ്റ്റാഫ് , നാല് വോളൻഡിയർമാർ എന്നിവരാണ് യാത്രക്കാരെ പരിശോധിക്കാനായി ഇവിടെയുള്ളത്. ഇതു കൂടാതെ 2 ഡോക്ടർമാരും 2 മെഡിക്കൽ പി.ആർ.ഒമാരും ഇവിടെ സന്നിഹിതരാണ്.   മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെയെത്തുന്നവർക്ക് പ്രത്യേക രജിസ്ട്രേഷൻ കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണന നൽകും.  കൃത്യമായ ഇടവേളകളിൽ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

 

ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ എത്തിയത് 190 പേർ
മേയ് 8ന് വെള്ളിയാഴ്ച ദിവസം വൈകിട്ട് 5 വരെ ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി 190 പേർ എത്തി. 114 പുരുഷൻമാരും 76 സ്ത്രീകളുമാണ് ഇന്നെത്തിയത്. ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. 160 പേർ തമിഴ് നാട്ടിൽ നിന്നും 30പേർ കർണാടകയിൽ  നിന്നുമാണ് എത്തിയത്. 55പേർ  വിവിധ റെഡ് സോണുകളിൽ നിന്ന് എത്തി. ഇവരിൽ 40 പേരെ  മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവരുൾപ്പെട്ട ബാക്കിയുള്ള 15പേരെ ആബുലൻസിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി അയച്ചു