തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അശരണര്‍ക്ക് കൈത്താങ്ങാകുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ ധനവിനിയോഗവും ഗുണഭോക്താക്കളുടെ വിവരവും സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനും കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ജനപ്രതിനിധികള്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ബാധ്യസ്ഥരാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹികസുരക്ഷാ മിഷന്‍ അഗതികള്‍, വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗക്കാര്‍, നിത്യരോഗികള്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി നിരവധി ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട് . ആശ്വാസകിരണം, സ്‌നേഹപൂര്‍വം, താലോലം, കാന്‍സര്‍ സുരക്ഷ, ശ്രുതിതരംഗം, സ്‌നേഹസ്പര്‍ശം, സ്‌നേഹസാന്ത്വനം, വയോമിത്രം, സമാശ്വാസം, സ്റ്റേറ്റ് ഇനീഷേറ്റീവ് ഓണ്‍ ഡിസബലിറ്റീസ്, വി-കെയര്‍ തുടങ്ങിയ പദ്ധതികള്‍ അര്‍ഹരായ മുഴുവന്‍ പേരിലേക്കും എത്തിക്കുന്നതിന് തദ്ദേശസ്വയഠഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകളും പങ്കാളിത്തവും ഉറപ്പാക്കുന്നതിനാണ് ശില്പശാല നടത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമാവല്ലി മോഹന്‍ദാസ്, സാമൂഹിക സുരക്ഷാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ മൂസാ പതിയില്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.