‘എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം’ കശുവണ്ടി     തൊഴിലാളികളുടെ പഞ്ച് ഡയലോഗ്, മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്    ‘നിന്റെ കൊല്ലമല്ല എന്റെ കൊല്ലം’,  നടന്‍ ജയന്‍ പറയുന്നത് ‘മാസാണ് മാസ്‌ക്ക്’  എന്നും.  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താലൂക്ക്    കച്ചേരി ജങ്ഷനിലെ മതിലില്‍ കോറിയിട്ട കാര്‍ട്ടൂണുകളാണ് കൊറോണ പ്രതിരോധത്തിന്റെ പുത്തന്‍ വേദിയായത്.

സോപ്പ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് എസ് എം എസ് ഓരോ കാര്‍ട്ടൂണിലും എം എം എസിന്റെ പ്രധാന്യം വ്യക്തമാക്കുന്നുണ്ട്.      പാവനായിയായി എത്തുന്ന ക്യാപ്റ്റന്‍ രാജു പെട്ടിയിലെ എസ് എം എസ് കാണിച്ച് കൊറോണയോട് ആവശ്യപ്പെടുന്നത് യു ക്യാന്‍ സെലക്ട് യുവര്‍ ഓണ്‍ വെപ്പണ്‍  എന്നാണ്. ‘കൈകൊടുത്താല്‍ കൊല്ലത്തും കിട്ടും,  തുപ്പരുത് തോറ്റുപോകും, കൊല്ലം കണ്ടാല്‍ ഇല്ലം കാണില്ല തുടങ്ങി രസകരമായ ടാഗിങ്ങുകളും കാര്‍ട്ടൂണുകളില്‍ കാണാം.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കാര്‍ട്ടൂണ്‍ ക്യാമ്പയിന്‍ ഉദ്ഘാടനം  ചെയ്തു. പൊതുജനങ്ങള്‍ക്ക് വളരെ വേഗം സംവദിക്കാന്‍ സാധിക്കുന്ന മാധ്യമമാണ് കാര്‍ട്ടൂണുകളെന്നും അതുകൊണ്ട് തന്നെ ഇത്തരം ബോധവത്കരണ പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി ചെയര്‍മാന്‍       കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍  സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലൂര്‍, സജീവ് ശൂരനാട്, രതീഷ് രവി,   സുരേഷ് ഹരിപ്പാട്, സനീഷ് ദിവാകരന്‍, ഷാജി സീതത്തോട് തുടങ്ങിയ കലാകാരന്‍മാരാണ്  കൊല്ലം നിവാസികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ വിരുന്നൊരിക്കിയിട്ടുള്ളത്.  സൂപ്രണ്ട് കെ പി ഗിരിനാഥ് നന്ദിപറഞ്ഞു.