മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് ഫാന്‍സുകാര്‍ അവയവദാന സമ്മതപത്രം നല്‍കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനാണ് ഫാന്‍സുകാര്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള സമ്മത പത്രം നല്‍കിയത്.

മലയാളത്തിലെ അഭിമാനമായ മോഹന്‍ലാലിന് ആരോഗ്യ വകുപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ അവബോധ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ പല അവബോധ പ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ ഭാഗമാകാറുണ്ട്.

ഈ കൊറോണ കാലത്തു കൂടി അവബോധവുമായി ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ഒത്തുകൂടി. അവയവദാന രംഗത്തെ വലിയ ശക്തിയായി മൃതസഞ്ജീവനി വളര്‍ന്നിട്ടുണ്ട്. മൃതസഞ്ജീവിനിയുടെ ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. അവയവദാനത്തിലൂടെ ഒരുപാട് പേര്‍ക്കാണ് ജീവന്‍ രക്ഷിക്കാനായത്. ഒരാള്‍ മരണമടയുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. എന്നാല്‍ നാളെ ഇല്ലാതായി പോകുന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയാല്‍ അതില്‍ പരം നന്മ മറ്റൊന്നില്ല.

ഈ പിറന്നാള്‍ ദിനത്തില്‍ ഫാന്‍സുകാര്‍ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണ്. മോഹന്‍ലാലിന് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നതായും മന്ത്രി പറഞ്ഞു.

ജന്മദിന സന്തോഷമായി കേക്കും ഫാന്‍സുകാര്‍ മന്ത്രിക്ക് സമ്മാനിച്ചു. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.എല്‍. വിനോദ് കുമാര്‍, പി.വി. അനീഷ്, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരവിന്ദ്, സെക്രട്ടറി ഷിബു ശശി എന്നിവര്‍ സന്നിഹിതരായി.