മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കോ സോഷ്യൽ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് ഇൻ എയ്ഡ് അനുവദിക്കുന്നത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപേക്ഷകൾ പൂർണ്ണമായും പരിശോധിച്ച് ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ അപേക്ഷ സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കാവു.
അപേക്ഷയിൽ അപ്രൈസൽ കമ്മിറ്റിയുടെ ശുപാർശ ഉറപ്പുവരുത്തണം. സ്ഥാപനത്തിലെ താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായ വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കണം. ഇൻസ്റ്റിറ്റിയൂഷണൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഒസിബിയുടെ അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം.
മുൻവർഷം സ്ഥാപനത്തിന് ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ യു.സിയും കമ്പോണന്റ് വൈസ് എക്‌സ്‌പെൻഡീച്ചർ സ്റ്റേറ്റ്‌മെന്റും നിർബന്ധമായും ലഭ്യമാക്കണം. സ്ഥാപനത്തിലെ താമസക്കാരെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടെന്നും മറ്റുഗ്രാന്റുകൾ ലഭിക്കുന്നില്ലെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ ഉറപ്പാക്കിയിരിക്കണം.
അപേക്ഷകൾ ജൂൺ 15നകം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷകൾ പരിശോധിച്ചിട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ ജൂലൈ 17നും 27നുമിടയിൽ സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.