വഞ്ചിവീടുകളിൽ നിന്ന് വേമ്പനാട്ടു കായലിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി. ഇത്തരത്തിലുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും രജിസ്റ്റർ ചെയ്യാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ലിസ്റ്റ് ചെയ്യാനും ജില്ലാ കളക്ടർ ഡിറ്റിപിസി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഹൗസ്ബോട്ട് മാലിന്യം നിർമാർജ്ജനം ചെയ്യാൻ കവണാറ്റിൻകരയിലും എച്ച് ബ്ലോക്കിലും സ്ഥാപിച്ചിട്ടുളള സംവിധാനം ഉപയോഗിക്കാതെ കായലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കണം.
റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വേമ്പനാട്ട് കായലിന്റെ സംരക്ഷണത്തിന് സാധ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കായൽ പരിസരത്തുളള വീടുകളിൽ നിന്നും കായലോരത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ നിന്നും കക്കൂസ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നതായ റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി എടുക്കണം. കായലോരത്തെ വ്യവസായശാലകളിൽ നിന്നുളള മാലിന്യ നിർമ്മാർജ്ജനവും നിരീക്ഷണവിധേയമാക്കും. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ ബോധവത്കരണക്യാമ്പുകൾ കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ നടത്തും. കായൽ മലിനീകരണം തടയാൻ പഞ്ചായത്തുകൾ, ഇറിഗേഷൻ, ആരോഗ്യം, ടൂറിസം, പൊല്യൂഷൻ കൺട്രോൾ ബോർഡ് ഇവയുടെ സംയുക്ത പ്രവർത്തനം ഉണ്ടാകണം. രണ്ടു ദിവസത്തിനകം അതത് വകുപ്പുകൾ അവയുടെ ആക്ഷൻ പ്ലാൻ സമർപ്പിക്കുകയും മാർച്ച് 1-15 വരെയുളള കാലയളവിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക് അടക്കമുളള ഖരമാലിന്യങ്ങൾ അടിഞ്ഞു കൂടി കായൽ മലീമസമാകുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.