കാക്കനാട്: സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭൂവുടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജി.പി.എസ് ഉപയോഗിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കും.
മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ കര്‍ഷകന്റെ പേരും മേല്‍വിലാസവും, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, കൃഷി ഉടമയുടെ സര്‍വേ നമ്പര്‍, വിസ്തീര്‍ണ്ണം, ലാറ്റിറ്റിയൂഡ് (അക്ഷാംശം) ലോംഗിറ്റിയൂഡ് (രേഖാംശം), വിളകളുടെ വിവരം, റെയിന്‍ഫെഡ് വിളയാണെങ്കില്‍ (മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷി) മെയിന്‍ കര്‍ഷകനെ കൂടാതെ 59 കര്‍ഷകരുടെയും, ഇറിഗേറ്റഡ് വിളയാണെങ്കില്‍ (ജലസേചന സൗകര്യമുള്ള കൃഷി) മെയിന്‍ ഫാര്‍മറെ കൂടാതെ 15 കര്‍ഷകരുടെയും വിവരങ്ങള്‍ ശേഖരിക്കണം. മണ്ണു പരിശോധന ഫലത്തിലൂടെ കൃഷി ഭൂമിയിലെ സ്ഥൂല, സൂക്ഷ്മ മൂലകങ്ങളുടെ അളവ്, അമ്ലത്വം എന്നിവ ലഭ്യമാക്കി വിവരം ദേശീയ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. പരിശോധന ഫലം സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ആയി വിവരശേഖരം നടത്തിയ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
കൃഷിയിടത്തിലെ മണ്ണിന്റെ ആരോഗ്യസൂചിക, ശാസ്ത്രീയമായ വളപ്രയോഗത്തിനും മെച്ചപ്പെട്ട ആദായത്തിനും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സഹായകമാകും. അതിനാല്‍ എല്ലാ ഭൂവുടമകളും തങ്ങളുടെ കൃഷിയുടെ വിവരശേഖരവും ആധാര്‍ നമ്പറും മണ്ണ് സാമ്പിള്‍ എടുക്കാനെത്തുന്ന കൃഷി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി സോയില്‍ കാര്‍ഡ് കൈപ്പറ്റണം. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.