കുടുംബശ്രീ ജില്ലാമിഷൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന നീതം 2018 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം ജില്ലയിലെ 54 സി.ഡി.എസുകളിൽ നടന്നു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്‌സൺമാരും, സ്ഥാനമൊഴിഞ്ഞ ചെയർപേഴ്‌സൺമാരും സംയുക്തമായാണ് സഹയാത്ര സംഗമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലയിലെ സി.ഡി.എസുകളെ സ്ത്രീശിശു സൗഹൃദ ഇടങ്ങളാക്കി മാറ്റൂന്നതിന്റെ ഭാഗമായി വാർഡുതലങ്ങളിൽ തയ്യാറാക്കിയ ആക്ഷൻപ്ലാൻ വാർഡ്‌മെമ്പറും, സി.ഡി.എസ് മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടത്തിയ അയൽക്കൂട്ട സംഗമത്തിൽ തയ്യാറാക്കിയ റിപ്പോർട്ടും അവതരിപ്പിച്ചു. വാർഡുതലത്തിൽ നിന്നുതന്നെ മുദ്രവാക്യങ്ങളും, പോസ്റ്ററുകളും നിർമ്മിച്ച് ഘോഷയാത്രയായിട്ടാണ് ആളുകൾ എത്തിച്ചേർന്നത്.
ഗ്രാമപഞ്ചായത്തിന്റേയും സാമൂഹിക പ്രവർത്തകരുടേയും സംയുക്ത സഹകരണം സഹയാത്രസംഗമത്തിന്റെ വിജയമായിരുന്നു. സമൂഹം ഒരുമയോടെ സ്ത്രീ ശിശുസൗഹൃദ അയൽപ്രദേശങ്ങൾ സൃഷ്ടിക്കും എന്ന സന്ദേശമാണ് സഹയാത്രാ സംഗമത്തിലൂടെ അവതരിപ്പിച്ചത്.
ജില്ലയിൽ വിവിധ സി.ഡി.എസുകളിലായി നടത്തിയ സഹയാത്ര സംഗമത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അജേഷ് റ്റി.ജി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ ബിനു.ആർ, ഷാജിമോൻ.പി.എ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. കൂടാതെ ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിപിൻ കെ.വി, ശ്രീലക്ഷ്മി. വി, അസ്ഹർ ബിൻ ഇസ്മയിൽ, വെന്റിഷ് ജോയി, ആതിര കുറുപ്പ്, ശ്രീപ്രഭ മുകേഷ്, സൂര്യ സി.എസ്, ബിജു ജോസഫ്, ജെതീൻ ജാതവേതൻ എന്നിവരും മറ്റു കുടുംബശ്രീ പ്രവർത്തകരും വ്യത്യസ്ത ഇടങ്ങളിൽ സഹയാത്രാ സംഗമത്തിൽ പങ്കുചേർന്നു.