വാക്സിനേഷൻ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ രോഗ നിയന്ത്രണമാർഗ്ഗമെന്ന് പാലായിൽ നടന്ന ആരോഗ്യ സെമിനാർ. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യമാണ് റൂബല്ല വാക്സിനേഷനിലൂടെ ലക്ഷ്യമാക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണെന്ന തത്വമാണ് വാക്സിനേഷനു പിന്നിലുളളത്. എല്ലാത്തരം പരീക്ഷണ-നിരീക്ഷണങ്ങൾക്കു ശേഷമാണ് ഒരു വാക്സിൻ പ്രയോഗിക്കുന്നത്. കൃത്യമായ ടെംപറേച്ചറിൽ വളരെ ശ്രദ്ധയോടെയാണ് വാക്സിനുകൾ സൂക്ഷിക്കുന്നത്. ഇതു സംബന്ധിച്ച ആരോപണങ്ങൾക്കും ആശങ്കകൾക്കും അടിസ്ഥാനമില്ല.
വാക്സിനേഷനും ആശങ്കകളും എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ നടയത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ ഹോസ്പിറ്റൽ അസി. സർജൻ ഡോ. ആർ അജിത് സെമിനാർ നയിച്ചു. വിവിധ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ഇതുവരെ പുതുപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ,് കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി എൻ സുരേഷ് എന്നിവർ നേതൃത്വം നൽകി.