കുട്ടികള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള പല കുറ്റകൃത്യങ്ങളിലും സൈബര്‍ തെളിവുകള്‍ അനിഷേധ്യമായി കുറ്റവാളിയിലേക്ക് വിരല്‍ചൂണ്ടുന്ന സാഹചര്യമുണ്ടാക്കിയതായി സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ കൂടുതലായി കവരുന്ന സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. പുതിയ പശ്ചാത്തലത്തില്‍ പോക്‌സോ പോലുള്ള കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമങ്ങളെ വലിയ ക്യാന്‍വാസില്‍ കാണണം-അദ്ദേഹം പറഞ്ഞു. പോക്‌സോ, ബാലനീതി നിയമം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍, വയനാട് പ്രസ്‌ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

കുട്ടികള്‍ ഇരകളായോ അല്ലാതെയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവര്‍ ഒരു തരത്തിലും തിരിച്ചറിയപ്പെടാതിരിക്കാനുള്ള മാധ്യമ ജാഗ്രത അനിവാര്യമാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീലാമേനോന്‍ പറഞ്ഞു. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളെയോ പീഡനത്തിനിരയായ കുട്ടികളെയോ ഏതെങ്കിലും തരത്തില്‍ തിരിച്ചറിയുന്ന വിധം വാര്‍ത്ത നല്‍കുന്നതിലൂടെ ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ വിലയായി നല്‍കേണ്ടിവന്നേക്കാം. ദുരനുഭവം ഉണ്ടായ കുട്ടിയുടെ ഭാവി കൂടി മുന്നില്‍കണ്ട് വാര്‍ത്ത നല്‍കണം. കോടതി ഉത്തരവോടെ മാത്രമേ കുട്ടികളുടെ പേര് വ്യക്തമാക്കാവൂ. അല്ലാത്ത പക്ഷം നിയമ നടപടികളിലേക്ക് അത് നീങ്ങിയേക്കാം. നല്ല വാര്‍ത്തകളാണ് പത്രപ്രവര്‍ത്തകര്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നതെന്നും ചുറ്റും ദുരന്തങ്ങള്‍ അരങ്ങേറുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ നിസ്സഹായരായിപ്പോവുകയാണെന്നും പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. ഇന്നത്തെ ആസൂത്രിത പീഡനങ്ങള്‍ക്ക് പിന്നില്‍ കൂടുതലും മൊബൈല്‍ ഉള്‍പ്പടെയുള്ള ഇലക്ട്രേണിക് ഉപകരണങ്ങളുടെ ദുരുപയോഗമാണെന്ന് വിനോദ് ഭട്ടതിരിപ്പാട് വ്യക്തമാക്കി. സാങ്കേതിക വിദ്യയില്‍ വ്ന്‍കിട വിദേശ രാജ്യങ്ങള്‍ മുന്നിലാണെങ്കിലും അവരുടെ മൊബൈല്‍ ഉപയോഗം കുറേക്കൂടി സ്വയം നിയന്ത്രിതമാണ്. അവിടെ ജോലി സമയത്തോ പഠന സമയത്തോ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കപ്പെടുന്നുണ്ട്. വാസ്തവികത നോക്കാതെ ഷെയര്‍ചെയ്യുന്ന പ്രവണതയും മലയാളികളെ കുടുക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് അവരുടെ പുനരധിവാസത്തിന് തടസ്സമുണ്ടാക്കുന്ന വിധമായിരിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം ടി.ബി.സുരേഷ് പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ അംഗം സിസ്‌ററര്‍ ബിജി ജോസ്, ബാലാവകാശ കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍.വേണുഗോപാല്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍, സെക്രട്ടറി പി.ഒ.ഷീജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.