രാസാപകടങ്ങള്‍ നേരിടാന്‍ ജില്ല സജ്ജം
കൊച്ചി: രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ കൂട്ടിയിടിച്ച് രാസപദാര്‍ഥങ്ങള്‍ ചോര്‍ന്ന് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പൂര്‍ണ്ണമെന്ന് വ്യക്തമാക്കി മോക്ക് ഡ്രില്‍. കളമശേരി അപ്പോളോ ടയേഴ്‌സിനു സമീപം പ്രീമിയര്‍ ജംക്ഷനിലാണ് ജില്ല ഭരണകൂടത്തിന്റെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
രാസാപകടങ്ങളുണ്ടായാല്‍ നേരിടുന്നതിനും നൂതന ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അവബോധം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചതെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രണ്ടു മാസത്തിനിടെ മൂന്നാമത്തെ മോക്ക് ഡ്രില്ലാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. വിവിധ ഉപകരണങ്ങള്‍ കാര്യക്ഷമായി ഉപയോഗിക്കുന്നതിലും ആരോഗ്യം, ഫയര്‍, ആന്‍ഡ് റെസ്‌ക്യൂ പോലീസ്, റവന്യൂ വകുപ്പുകളുടെ സമര്‍ഥമായ ഏകോപനവും വ്യക്തമാക്കുന്നതായിരുന്നു മോക്ക് ഡ്രില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് ഏഴു മണിയോടെയാണ് പ്രീമിയര്‍ ജംക്ഷനില്‍ സള്‍ഫ്യൂരിക് ആസിഡ് കയറ്റിവന്ന ടാങ്കര്‍ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഉടന്‍ തന്നെ അപ്പോളോ ടയേഴ്‌സില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അടിയന്തര സന്ദേശമെത്തി. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും പോലീസും ആരോഗ്യ വകുപ്പും നിമിഷങ്ങള്‍ക്കകം ദുരന്ത സ്ഥലത്തെത്തി അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആധുനിക സജ്ജീകരണങ്ങളുള്ള എറണാകുളം ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ആലുവ, കിംസ്, സിഐടിയു, എയ്ഞ്ചല്‍ ആംബുലന്‍സുകള്‍ എന്നിവ ദുരന്ത സ്ഥലത്ത് പാഞ്ഞെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. രാസാപകടങ്ങളുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാണ് പരിക്കേറ്റവര്‍ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രാഥമിക ചികിത്സ നല്‍കിയത്. ഹെല്‍മെറ്റ്, ജിംബൂട്ട് തുടങ്ങിയ മുന്‍കരുതലുകള്‍ ജീവനക്കാര്‍ സ്വീകരിച്ചിരുന്നു. അപകടം നടന്ന് നാലാം മിനിറ്റിലാണ് ആദ്യം പൊളളലേല്‍ക്കുന്നത്. തുടര്‍ന്ന് 7.10 ന് മറ്റൊരാള്‍ക്ക് പൊള്ളലേറ്റു. കേരള ഫയര്‍ ഫോഴ്‌സിനു പുറമേ ഫാക്ട്, ബിപിസിഎല്‍ എന്നിവരുടെ ഫയര്‍ ഫൈറ്റിംഗ് ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എസിപി കണ്‍ട്രോള്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളെ സംഭവ സ്ഥലത്തു നിന്ന് നീക്കുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. സള്‍ഫ്യൂരിക് ആസിഡായതിനാല്‍ വെള്ളത്തിനു പകരം ഫോമാണ് ഫയര്‍ ഫൈറ്റിംഗ് ടീം ഉപയോഗിച്ചത്. ബിപിസിഎല്ലിന്റെ ഫയര്‍ ഫൈറ്റിംഗ് ടീമെത്തി ചോര്‍ന്ന ആസിഡ് കണ്ടെയ്‌നറില്‍ ശേഖരിച്ചു. ടാങ്കറില്‍ അവശേഷിക്കുന്ന രാസപദാര്‍ഥം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതോടെ 7.50 ന് മോക്ക് ഡ്രില്‍ പൂര്‍ത്തിയായി. മോക്ക് ഡ്രില്ലിനു ശേഷം അപ്പോളോ ടയേഴ്‌സിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എസിപി സുരേഷ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.ടി. റെജി, ജില്ല ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, അപ്പോളോ ടയേഴ്‌സ് യൂണിറ്റ് ഹെഡ് തോമസ് മാത്യു, ബിപിസിഎല്‍, ഫാക്ട്, കൊച്ചി മെട്രോ, ഹിദുസ്ഥാന്‍ പെട്രോളിയം കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തിര രക്ഷാ പ്രവര്‍ത്തന സംവിധാനം കൂടുതല്‍ മികവുറ്റതാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.