കോവിഡ് കാലത്തെ പ്രകൃതിക്ഷോഭ ദുരന്ത നിവാരണം
കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള മോക് ഡ്രില്‍ ജൂണ്‍ 24ന് തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കും. 2018ല്‍ ഉരുള്‍പൊട്ടലില്‍ നാലു പേര്‍ മരിച്ച വെള്ളികുളം മേഖലയും ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടമുണ്ടായ ചാത്തപ്പുഴയും കേന്ദ്രീകരിച്ചാണ് കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നത്.
ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്നലെ രണ്ടു സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. മോക്ഡ്രിലിനു മുന്നോടിയായുള്ള ടേബിള്‍ ടോപ്പ്  എക്സര്‍സൈസ് 22ന് നടക്കും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായിരിക്കും മോക് ഡ്രിലില്‍ പങ്കെടുക്കുക.
ഉരുള്‍പൊട്ടലും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടയുള്ള പ്രദേശമെന്ന നിലയിലാണ് തീക്കോയി ഗ്രാമപഞ്ചായത്തിനെ മോക് ഡ്രില്ലിനായി തിരഞ്ഞെടുത്തതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മേഖലയിലെ ജലസ്രോതസുകള്‍, റോഡുകള്‍, വീടുകള്‍,  ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള സ്കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കളക്ടറും ഉദ്യോഗസ്ഥരും പരിശോധന നടത്തി.
തീക്കോയി ഗ്രാമപഞ്ചായത്തില്‍ എത്തിയ കളക്ടര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷാജന്‍ പുറപ്പന്തറയോടും മറ്റ് ജനപ്രതിനിധികളോടും മോക് ഡ്രില്‍ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.  എ.ഡി.എം. അനില്‍ ഉമ്മന്‍, പാല ആര്‍.ഡി.ഒ.  എം.ടി. അനില്‍കുമാര്‍, ദുരന്തപ്രതികരണ സംവിധാനവുമായി ബന്ധപ്പെട്ട ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.