ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ 152 പരീക്ഷാകേന്ദ്രങ്ങളിലായി 12499 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകളിലും 34 എയ്ഡഡ് സ്‌കൂളുകളിലും മൂന്ന് എയ്ഡഡ് സ്‌കൂളുകളിലുമായി ആകെ 70 പരീക്ഷാകേന്ദ്രങ്ങളിലും കട്ടപ്പന വിദ്യാഭ്യസ ജില്ലയില്‍ 41 സര്‍ക്കാര്‍ സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമായി 82 പരീക്ഷാകേന്ദ്രങ്ങളിലുമായാണ് 12499 പേര്‍ പരീക്ഷയെഴുതുന്നത്.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകളിലായി 1299 വിദ്യാര്‍ത്ഥികളും 34 എയ്ഡഡ് സ്‌കൂളുകളില്‍ 3964 വിദ്യാര്‍ത്ഥികളും മൂന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 226 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 5489 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 41 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2495ഉം 36 എയ്ഡഡ് സ്‌കൂളുകളില്‍ 3906ഉം അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 609 ഉം വിദ്യാര്‍ത്ഥികളുള്‍പ്പെടെ 7010 പേരാണ് പരീക്ഷയെഴുതുന്നത്. രണ്ടു വിദ്യാഭ്യാസ ജില്ലകളിലായി സര്‍ക്കാര്‍ സ്‌കൂളില്‍ 3794 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളില്‍ 7870 വിദ്യാര്‍ത്ഥികളും അണ്‍ എയ്ഡഡ് സ്‌കൂളില്‍ 835 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. ആകെയുള്ള 12499 വിദ്യാര്‍ത്ഥികളില്‍ 6516 പേര്‍ ആണ്‍കുട്ടികളും 5983 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 825 ആണ്‍കുട്ടികളും 794 പെണ്‍കുട്ടികളും ഉള്‍പ്പെടും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 371 ആണ്‍കുട്ടികളും 313 പെണ്‍കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്.
പരീക്ഷയെഴുതുന്നതിന് സഹായികളെ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ 564 ആണ്. ഇവരില്‍ 201 സര്‍ക്കാര്‍ സ്‌കൂളുകളിലും 353 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 10 പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജി.എച്ച്.എസിലും- 415 പേര്‍. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പീക്ഷയെഴുതുന്നത് പെരിഞ്ചാംകുട്ടി ജി.എച്ച്.എസിലുമാണ്- അഞ്ച് പേര്‍.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍, 120 പേര്‍ പരീക്ഷയെഴുതുന്ന ജി.എച്ച്.എസ് രാജാക്കാടാണ്. എയ്ഡഡ് മേഖലയില്‍ കരിമണ്ണൂര്‍ എസ്.ജെ.എച്ച്.എസ്.എസില്‍ നിന്നും. 295 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 110 പേരെ പരീക്ഷയ്ക്കിരുത്തുന്ന തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് മുന്നില്‍.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കല്ലാര്‍ ഗവ. എച്ച്.എസില്‍ 415 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളില്‍ കട്ടപ്പന എസ്.ജി.എച്ച്.എസില്‍ 284 പേരും പരീക്ഷയെഴുതും. അണ്‍ എയ്ഡഡ് മേഖലയില്‍ കട്ടപ്പന ഒ.ഇ.എം.എച്ച്.എസില്‍ 184 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പെരിഞ്ചാംകുട്ടി ജി.എച്ച്.എസാണ്-അഞ്ച് പേര്‍. എയ്ഡഡ് മേഖലയില്‍ മുക്കുളം എസ്.ജി.എച്ച്.എസ്.എസ്- എട്ട് പേര്‍. അണ്‍എയ്ഡഡ് മേഖലയില്‍ നെടുങ്കണ്ടം എസ്.ഡി..എ.എച്ച്.എസില്‍ 20 പേര്‍ പരീക്ഷയെഴുതും.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ കല്ലാര്‍ വട്ടിയാര്‍ ജി.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് – 15 പേര്‍. എയ്ഡഡ് മേഖലയില്‍ കുണിഞ്ഞി എസ്.എ.എച്ച്.എസില്‍ 16 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ അടിമാലി എസ്.വിവി.ഇ.എം.എച്ച്.എസിലെ 11 പേരും പരീക്ഷയെഴുതും. ഇവരെ അടിമാലി ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലേക്ക് ക്ലബിംഗ് നടത്തിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് ഫെബ്രുവരി 25 മുതല്‍ വിതരണം തുടങ്ങും. ചോദ്യപേപ്പര്‍ എണ്ണലും തരംതിരിക്കലും മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടത്തി മൂന്നിന് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ബാങ്ക്/ ട്രഷറി ലോക്കറുകളിലേക്ക് മാറ്റും.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയോഗിക്കുന്ന ഡെലിവറി ഓഫീസര്‍മാര്‍ പോലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തില്‍ ചോദ്യപേപ്പര്‍ പായ്ക്കറ്റുകള്‍ അതത് പരീക്ഷാദിവസം രാവിലെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. ഉത്തരകടലാസുകള്‍ അതേ ദിവസം തന്നെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്ക് അയക്കും.
ജില്ലയിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി (ഡി.സി.ആര്‍.ബി) പി. സുകുമാരന്‍, അസി. ട്രഷറി ഓഫീസര്‍ പി. മണികണ്ഠന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ മാനേജര്‍ വി.പി പ്രേംകുമാര്‍, പോസ്റ്റ്മാസ്റ്റര്‍ എന്‍. വിമല്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.