പ്രശസ്ത നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാലനടനായി ചലച്ചിത്രരംഗത്ത് വന്ന അദ്ദേഹം നടനായും ഗായകനായും ഏഴു പതിറ്റാണ്ടിലേറെ നാടക-സിനിമാ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ കലാകേരളം എന്നും സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അനുശോചിച്ചു
കേരള സൈഗാൾ എന്നറിയപ്പെടുന്ന  പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു. മലയാള നാടക, സിനിമ, സംഗീത മേഖലകളിലെ ഒരു നൂറ്റാണ്ടിന്റെ വികാസപരിണാമങ്ങൾക്ക് സാക്ഷിയായ അദ്ദേഹം 107-ാം വയസിലാണ് വിട പറഞ്ഞത്. പതിനയ്യായിരത്തോളം വേദികളിൽ അദ്ദേഹം നാടകം അവതരിപ്പിച്ചു. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം പാടിയത്. മഹാനായ ഒരു കലാകാരനെയാണ് നമുക്ക് നഷ്ടമായതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.