മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍, മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 12 പേര്‍ കൂടി രോഗമുക്തരായി 
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കൂടി ഇന്നലെ (ജൂണ്‍ 25) രോഗമുക്തരായി. മഞ്ചേരി വായിപ്പാറപടി സ്വദേശി 56 വയസുകാരന്‍, വെളിയങ്കോട് സ്വദേശിനി 33 വയസുകാരി, പൊന്‍മുണ്ടം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി 40 വയസുകാരന്‍, ചാലിയാര്‍ മൈലാടി സ്വദേശി 32 വയസുകാരന്‍, കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 വയസുകാരന്‍, തിരൂര്‍ മേല്‍മുറി സ്വദേശി 20 വയസുകാരന്‍, മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി 28 വയസുകാരന്‍, കല്‍പ്പകഞ്ചേരി രണ്ടത്താണി ചിറ്റാണി സ്വദേശി 59 വയസുകാരന്‍, എടക്കര പായിമ്പാടത്ത് സ്വദേശി 45 വയസുകാരന്‍, എടക്കര മില്ലുപടി സ്വദേശി 34 വയസുകാരന്‍, എടയൂര്‍ പൂക്കാട്ടിരി 24 വയസുകാരന്‍, ആലപ്പുഴ ഭൂതനൂര്‍ സ്വദേശി 32 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,562 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,966 പേര്‍
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച 1,562 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 23,966 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 330 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 261 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 54 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 22,037 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,599 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ചികിത്സയിലുള്ളത് 193 പേര്‍
ജില്ലയില്‍ ഇതുവരെ 394 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 193 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഓരോരുത്തരും ഒരു മഹാരാഷ്ട്ര സ്വദേശിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,364 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 811 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.