ജില്ലാതല വിജിലിന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ജില്ലാകലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാകലക്റ്റര്‍ പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണയും കുടിവെളളവും വിതരണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ യോഗത്തില്‍ ലഭിച്ച പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിച്ചെന്ന് ജില്ലാകലക്റ്റര്‍ അറിയിച്ചു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഏഴു ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും ഒരു ബ്രാന്‍ഡ് കുടിവെളളത്തിലും മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി. ബന്ധപ്പെട്ട കേസുകള്‍ തുടര്‍ നടപടിക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. പുതുശ്ശേരിയില്‍ സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റ് ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ജില്ലയില്‍ നെല്‍വയല്‍ നികത്തി വ്യാപക ഭൂമി കൈയേറ്റം നടക്കുന്നുണ്ടെന്നുമുളള പരാതിയും അന്വേഷിക്കും. ജില്ലാ വിജിലന്‍സ് യൂനിറ്റിന്റെ പുതിയ കെട്ടിടത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എട്ടു പരാതികള്‍ ലഭിച്ചു. വിജിലന്‍സ് ഡി.വൈ.എസ്.പി കെ.എ ശശിധരന്‍, വിവിധ വകുപ്പു മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.