സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആർദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജുകൾക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് രണ്ടു കോടി രൂപ, ആലപ്പുഴ മെഡിക്കൽ കോളേജ് 1.8766 കോടി, കോട്ടയം മെഡിക്കൽ കോളേജ് 1.99 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് രണ്ടു കോടി, തൃശൂർ മെഡിക്കൽ കോളേജ് രണ്ടു കോടി, മഞ്ചേരി മെഡിക്കൽ കോളേജ് ഒരു കോടി, എറണാകുളം മെഡിക്കൽ കോളേജ് ഒരു കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കൽ കോളേജുകളിൽ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി നടക്കുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കാണ് തുക്. ഉപകരണങ്ങൾ വാങ്ങുക, നിർമ്മാണ പ്രവർത്തനങ്ങൾ, പുനർ നിർമ്മാണ പ്രവർത്തനങ്ങൾ, രോഗികൾക്കായുള്ള അനൗൺസ്മെന്റ് സംവിധാനം തുടങ്ങിയ ആവശ്യങ്ങൾക്ക് തുക വിനിയോഗിക്കും.
ആർദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. നവീകരണത്തിനായി രണ്ട് ഘട്ടങ്ങളിലായി എല്ലാ മെഡിക്കൽ കോളേജുകൾക്കും തുക അനുവദിച്ചിരുന്നു. ആദ്യഘട്ടമായി 2016-17 ൽ 12.92 കോടി രൂപയും രണ്ടാം ഘട്ടമായി 2017-18ൽ 38.8984 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലേയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കാൻ മന്ത്രി കർശന നിർദേശവും നൽകി.
ആർദ്രം പദ്ധതിയുടെ ഭാഗമായി രോഗീ സൗഹൃദമാക്കാനായുള്ള ഒ.പി. നവീകരണത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വഴി രോഗികളുടെ പേര് രജിസ്റ്റർ ചെയ്യാവുന്ന സംവിധാനവും ഒരുങ്ങുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ട്രോമകെയർ സംവിധാനം വിപുലപ്പെടുത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇതോടൊപ്പം എമർജൻസി മെഡിസിൻ വിഭാഗവും തുടങ്ങും.