മണക്കാട് ഗ്രാമ പഞ്ചായത്തിലെ കുറുമ്പത്തൂര്‍ ഭാഗത്ത് പുതുതായി നിര്‍മ്മിച്ച കുഴിപ്പാട്ട് കടവും അനുബന്ധ റോഡും ഉദ്ഘാടനം ചെയ്തു. തൊടുപുഴയാറിന്റെ തീരത്ത് പുതുതായി നിര്‍മ്മിച്ച കടവ് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് പ്രയോജനകരമാണ്. നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 1360000 (പതിമൂന്ന് ലക്ഷത്തി അറുപതിനായിരം) രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
       കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ ചടങ്ങില്‍  ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. കടവിന്റെയും റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.  മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വല്‍സ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  പഞ്ചായത്ത് അംഗങ്ങളായ, റെജി ദിവാകരന്‍, ഉഷാകുമാരി സന്തോഷ് കുമാര്‍  , ശോഭന രമണന്‍, മണക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ബി ദിലീപ് കുമാര്‍  എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ബി. ബിനോയി സ്വാഗതവും മൈത്രി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍. പ്രസിഡന്റ് കെ.കോമള നാഥന്‍ നായര്‍ യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
     മണക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് കടവും റോഡും നിര്‍മ്മിച്ചത്. നിരവധി ഫണ്ടുകള്‍ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെങ്കിലും നിയമസഭയിലെ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നത് ഇദംപ്രഥമമാണെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷക്കാലം എസ്.സി.  ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോര്‍പ്പസ് ഫണ്ട് അടക്കം നിരവധി ഫണ്ടുകള്‍ ഉപയോഗിച്ച് ഒട്ടേറെ വികസ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡില്‍ നടന്നിട്ടുണ്ട്.