*നവീകരണം നിശ്ചയിച്ച സമയത്തിന് മുൻപ് പൂർത്തിയാക്കും

കുണ്ടറ താലൂക്ക് ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന എട്ടു നിലകളുള്ള ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുണ്ടറ താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 34.14 കോടി രൂപ കെട്ടിട നിർമ്മാണത്തിനും 5.18 കോടി രൂപ ഉപകരണങ്ങൾക്കുമായി ആകെ 39.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയെയാണ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിരിക്കുന്നത്.

കുണ്ടറ താലൂക്ക് ആശുപത്രിയിൽ വലിയമാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. 180 കിടക്കകൾ അധികമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഒത്തുചേരുന്ന മികച്ച ആശുപത്രിയായി ഇത് മാറും. ഹൈ എൻഡ് ട്രോമകെയർ സംവിധാനമുള്ള അത്യാഹിത വിഭാഗം, ഓർത്തോ, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഒഫ്ത്താൽമോളജി, ഡെന്റൽ വിഭാഗങ്ങൾ, അഞ്ച് മെഡിക്കൽ ഐ.സി.യു., അഞ്ച് സർജിക്കൽ ഐ.സി.യു., രണ്ട് മോഡേൺ ഓപ്പറേഷൻ തിയേറ്റർ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, മോഡേൺ ലാബ് സൗകര്യങ്ങൾ, എക്‌സറേ, മാമോഗ്രാഫി തുടങ്ങി ആധുനിക ചികിത്സകൾ എല്ലാം ഇവിടെ ലഭ്യമാകും. വേഗം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, മറ്റ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയും സംയോജിത പ്രവർത്തനങ്ങളിലൂടെയുമാണ് ലോകത്തിന് തന്നെ ഭീഷണിയായ മഹാമാരിയായ കോവിഡിനെ പിടിച്ചു നിർത്താനും പ്രതിരോധിക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞത്.  പകർച്ചയിലൂടെ 28 ശതമാനം രോഗം ആദ്യ ഘട്ടം വ്യാപിച്ചിരുന്നെങ്കിലും കൂട്ടായ പ്രവർത്തനത്തിലൂടെ അത് 10 ശതമാനത്തിലെത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  അതിനാൽ  നമുക്കൊരുമിച്ചുള്ള പ്രവർത്തനമാണ് നാടിന് ആവശ്യമുള്ളതെന്നും അതിനായി ഓരോരുത്തരും കൈകോർക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കുണ്ടറയുടെ സ്വപ്നപദ്ധതിയായ 77 കോടി രൂപയുടെ താലൂക്ക് ആശുപത്രി നവീകരണം നിശ്ചയിച്ച സമയത്തിന് മുൻപ് പൂർത്തിയാക്കുന്നതിന്  യുദ്ധകാലാടിസ്ഥാനത്തിൽ  നടപടി സ്വീകരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, കയർഫെഡ് ബോർഡ് മെമ്പർ എസ്. എൽ. സജികുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ്, ബി. ശോഭ,  അനിത. കെ. കുമാർ, പ്ലാവറ ജോൺ ഫിലിപ്പ് എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.