കണ്ണൂർ  ജില്ലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സാഹചര്യത്തില്‍ കോവിഡ് 19 ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയിലെ എംഎല്‍എ മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ചികിത്സയ്ക്ക് നിലവിലുള്ള ആശുപത്രികള്‍ക്ക് പുറമെ ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് നടപടി ആരംഭിച്ചിട്ടുള്ളത്.

ഇതിനായി ഏറ്റെടുക്കാവുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റ് സമുച്ചയം ദുരന്ത നിവാരണ നിയമത്തിലെയും പകര്‍ച്ചവ്യാധി നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ഏറ്റെടുത്തിട്ടുണ്ട്. അവശ്യഘട്ടത്തില്‍ 1000 കിടക്കകള്‍ വരെ ഒരുക്കാന്‍ കഴിയുന്ന വിധമാണ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജമാക്കുക.

ഓരോ ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രത്തെയും സമീപത്തെ കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും. ലക്ഷണമില്ലാത്ത കോവിഡ് രോഗികളെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. രോഗം കൂടുതലാകുന്ന ഘട്ടത്തില്‍ ഇവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റുക എന്നതായിരിക്കും രീതി. കോവിഡ് ആശുപത്രികളില്‍ തിരക്ക് നിയന്ത്രിച്ച് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

നിലവില്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവയാണ് ജില്ലയിലെ കോവിഡ് ആശുപത്രികള്‍. ഇവിടെയെല്ലാമായി ആകെ 663 കിടക്കകളാണ് നിലവിലുള്ളത്.

പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്റൈന് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ നല്‍കേണ്ടതുണ്ട്. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു സ്ഥാപനമെങ്കിലും കണ്ടെത്തി സജ്ജമാക്കി നിര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ലോഡ്ജുകളും സ്ഥാപനങ്ങളും ആവശ്യത്തിന് ഇല്ലാത്ത ഗ്രാമീണ മേഖലകളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും മുന്‍കയ്യെടുക്കണം.

മടങ്ങിയെത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ തദ്ദേശസ്ഥാപന തലത്തിലുള്ള എണ്ണം ഇതിനായി ലഭ്യമാക്കാന്‍ എന്‍ഐസിക്ക് നിര്‍ദേശം നല്‍കി. വീടുകളിലെ ക്വാറന്റൈനില്‍ വീഴ്ചയില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും പൊലീസും കൂടുതല്‍ ജാഗ്രത കാണിക്കണം. വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ വിവരം മുന്‍കൂട്ടി ജില്ലാ ഭരണകൂടത്തിന് ലഭിക്കാത്തത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

ഇതുകാരണം യഥാസമയം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. ഇന്‍സറ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ സൗകര്യം ആവശ്യമുള്ള പ്രവാസികളുടെ ബന്ധുക്കള്‍ ഇക്കാര്യം മുന്‍കൂട്ടി തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ക്കും. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് ഈ യോഗങ്ങളില്‍ തീരുമാനമെടുക്കും.

വീടുകളില്‍ സൗകര്യമുള്ളവരുടെ കുടുംബങ്ങള്‍ പോലും ്രപവാസികളെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ജെയിംസ് മാത്യു എംഎല്‍എ ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരുമെന്നതിന്റെ പേരിലാണ് ചിലര്‍ ഇങ്ങനെ നിലപാട് എടുക്കുന്നത്. ഈ പ്രവണത പ്രോത്സാഹിപ്പിച്ചുകൂട. ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങളായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും മുന്‍കൂട്ടി അറിയിക്കുന്നത് ഗുണകരമാകുമെന്നും ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന് എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഒരു കേന്ദ്രമെങ്കിലും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വന്‍ തോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകാനിടയുള്ള വര്‍ധന മുന്‍കൂട്ടി കണ്ട് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കണമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ നിര്‍ദേശിച്ചു.

പ്രവാസികള്‍ ഏറെയുള്ള കൂത്തുപറമ്പ്, പാനൂര്‍ മേഖലയില്‍ ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും കുറവാണെന്നത് പ്രയാസമുണ്ടാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രതിനിധി എം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇവിടെ പൂട്ടിക്കിടക്കുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും ഇതിനായി ലഭ്യമാക്കാനുള്ള നടപടിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ വി ഗിരീഷ്, കെ സി ജോസഫ് എംഎല്‍എയുടെ പ്രതിനിധി കെ ദിവാകരന്‍, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവരും പങ്കെടുത്തു.