കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുടെ ഭാഗമായി ചെടികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ്, തില്ലങ്കേരി കൃഷി ഓഫീസര്‍ കെ അനുപമ എന്നിവര്‍ക്ക് ചെടി തൈകള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഓണത്തിന് ആവശ്യമായ പൂക്കള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും അതുവഴി വരുമാനം നേടുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പൂക്കാലം വരവായി പദ്ധതിയുടെ തുടര്‍ച്ചയെന്നോണം സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും പൂ കൃഷി വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെണ്ടുമല്ലി(ചെട്ടിപൂവ്)യുടെ തൈകളാണ് സൗജന്യമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്. ഒരു ലക്ഷം തൈകളാണ് വിതരണം ചെയ്യുക. കൃഷി വകുപ്പിന്റെ കീഴിലുള്ള കരിമ്പം ഫാം, ചാലോട് പോളിനേഷന്‍ യൂണിറ്റ് ,  കാങ്കോല്‍, വേങ്ങാട്, പാലയാട്  ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്. ജില്ലയിലെ വിവിധ കൃഷി വകുപ്പുകള്‍ വഴി തെരഞ്ഞെടുത്ത കാര്‍ഷിക ഗ്രൂപ്പുകള്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ജില്ലാ പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദന്‍, അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി പി ഷാജിര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി കെ രാംദാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി ലത, ബിന്ദു പണിക്കര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ തുളസി വേങ്ങാട്, ബേബി റീന, എന്‍ കെ ബിന്ദു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.