ക്ഷീരകർഷകരുടെ സംരക്ഷണത്തിന് സർക്കാർ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളെയും മൃഗസമ്പത്തിനെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
നെറ്റിത്തൊഴു സെന്റ് ഇസിദോർ ചർച്ച് എസ്.എം.സിഹാളിൽ ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വർഷം ഡിസംബറോടെ സംസ്ഥാനം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. കഴിഞ്ഞ രൺണ്ടുവർഷത്തിൽ പാലുല്പാദനം 17 ശതമാനം വർദ്ധനയുണ്ടായി. ഇപ്പോൾ സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 83-85 ശതമാനം കൈവരിക്കാനായിട്ടുണ്ടൺ്.
ഇടുക്കി ജില്ലയിലെ ഉൽപ്പാദന വർദ്ധന ഇക്കാലയളവിൽ 14.5 ശതമാനമാണ്. ഇപ്പോഴുള്ള 1,82000 ലിറ്റർ പ്രതിദിന ഉല്പാദനം 2,82000 ലിറ്റർ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ നടത്തണം. ക്ഷീരകർഷക മേഖലക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. ജില്ലാപഞ്ചായത്ത് മുൻവർഷത്തെ 25 ലക്ഷം ധനസഹായത്തിൽ നിന്നും മൂന്ന് കോടിയായി തുക ഉയർത്തി. സംസ്ഥാനത്തൊട്ടാകെ 2016-17 വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിൽ നീക്കിവച്ച 107 കോടി രൂപയാണ് 2017-18ൽ 300 കോടി അധികമായി നൽകി 407 കോടിയായി വർദ്ധിപ്പിച്ചു.
ഈ സർക്കാർ ചുമതലയേറ്റതിനുശേഷം 152 വെറ്ററിനറി ഡോക്ടർമാരെ നിയമിച്ചു. 85 ബ്ലോക്കുകളിൽ രാത്രികാല സേവനം ഉറപ്പാക്കി. സംസ്ഥാനത്തും ദേശീയതലത്തിലും കന്നുകാലി സമ്പത്ത് കുറഞ്ഞ് വരികയാണ്. 2012ലെ കന്നുകാലി സെൻസസ് പ്രകാരം 2007ലേതിൽ നിന്നും 23 ശതമാനം കുറവുണ്ടായി. യഥാർത്ഥ ക്ഷീരകർഷകരെ മാത്രം പാൽ സൊസൈറ്റികളുടെ ഭരണ നിർവ്വഹണമേൽപ്പിക്കുന്ന വിധം ക്ഷീരസംഘങ്ങളുടെ കാര്യത്തിൽ മാറ്റമുൺണ്ടാക്കും. മറ്റുള്ളവരുടെ പാൽ അളന്ന് സൊസൈറ്റികളിൽ തുടരുന്ന രീതി അനുവദിക്കില്ല. ക്ഷീരമേഖലയുടെ വികസനം ലക്ഷ്യമാക്കി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ലിഡാ ജേക്കബ് അധ്യക്ഷയായ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്ഷീരമേഖലയിലെ 38 വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് പോരായ്മകൾ പരിഹരിച്ച് ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. ക്ഷീരമേഖലയിൽ സ്വയം ഓഡിറ്റും ഉദ്യോഗസ്ഥതല ഓഡിറ്റും നിർബന്ധമാക്കും. ക്ഷീരസംഘങ്ങൾ മൂല്യവർദ്ധിത ഉൽപപാദന മേഖലയിലേക്ക് കടക്കണം. പഞ്ചായത്തുകളിൽ നിന്നും ആനുകൂല്യങ്ങൾ ക്ഷീരകർഷകർക്ക് ലഭ്യമാക്കാൻ ഒരുലക്ഷം രൂപയെന്ന വരുമാനപരിധി അഞ്ച് ലക്ഷമാക്കി വർദ്ധിപ്പിച്ച് ഉത്തരവായി. പാലുല്പാദനത്തിനുള്ള ഇൻസെന്റീവ് പരിധി 30000 രൂപയിൽ നിന്നും 40,000 രൂപയായി വർദ്ധിപ്പിച്ചു.
എറണാകുളം മേഖലയിൽ ഏറ്റവും കൂടുതൽ ഇന്‌സെന്റീവിന് അർഹമായ നെറ്റിത്തൊഴു ക്ഷീരസംഘത്തിനുള്ള 1,09,290 രൂപയുടെ ചെക്ക് മന്ത്രി സംഘം പ്രസിഡന്റിന് കൈമാറി. വിവിധ ക്ഷീരകർഷക സംഘങ്ങൾക്കുള്ള വിവിധ പുരസ്‌കാരങ്ങൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷയായിരുന്നു. മിൽമ എറണാകുളം മേഖലാ ചെയർമാൻ പി.എ. ബാലൻമാസ്റ്റർ, മോളി മൈക്കിൾ, ശ്രീമന്ദിരം ശശികുമാർ, ആഗസ്തി അഴകത്ത്, ജി.ജി. കെ. ഫിലിപ്പ്, ഷീബാ ജയൻ, കെ.കെ.ശിവരാമൻ, ബിജി പാപ്പച്ചൻ, സിബി പാറപ്പായി, കെ.ജി.ആർ. മേനോൻ, ഡോ.കെ. മുരളീധരൻ, എ.ആർ. രാജേഷ്, പി.വി മാർക്കോസ് പുതുശ്ശേരിയിൽ, എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.