എറണാകുളം: മറ്റൊരാളുടെ സഹായമില്ലാതെ ശരീരോഷ്മാവ് അളക്കുന്നതിനും സ്പര്‍ശനമില്ലാതെ കൈകൾ അണുവിമുക്തമാക്കുന്നതിനും സന്ദര്‍ശകരുടെ എണ്ണം അറിയുന്നതിനുമുള്ള സംവിധാനം സിവില്‍സ്റ്റേഷനില്‍ സ്ഥാപിച്ചു. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന വോൾട്ടക് ഇന്‍ഡസ്ട്രീസാണ് ഉപകരണം നിര്‍മ്മിച്ചത്. ഉപകരണത്തിന് മുന്നിലെത്തി കൈ നീട്ടിയാല്‍ ശരീരോഷ്മാവ് അളക്കുകയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ശരീരോഷ്മാവ് പരിധിക്കുള്ളിലാണെങ്കില്‍ കടന്നുപോകാനുള്ള അറിയിപ്പ് ലഭിക്കും. ഊഷ്മാവ് കൂടുതലാണെങ്കില്‍ അലാറം മുഴങ്ങും. ഉപകരണത്തില്‍ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിനു മുന്നില്‍ കൈ കാണിച്ചാല്‍ സാനിറ്റൈസര്‍ ലഭിക്കും. ജില്ലാ കക്ടര്‍ എസ്. സുഹാസ് ആദ്യ പരിശോധന നടത്തി ഉപകരണം ഉദ്ഘാടനം ചെയ്തു. വോട്ടെക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് പാര്‍ട്ണര്‍ ടി.എ ഡാല്‍ഫിന്‍ സന്നിഹിതനായിരുന്നു. നികുതി ഉൾപ്പെടെ വിപണിയിൽ 24000 രൂപ വിലവരുന്നതാണ് ഉത്പന്നം.