ആലപ്പുഴ: ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പാലമേല്‍ പാറ്റൂര്‍ റസിഡന്‍ഷ്യല്‍ ഏരിയാ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ /കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഉത്തരവായി.
പാലമേല്‍ പാറ്റൂര്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ കുവൈറ്റില്‍ നിന്നുമെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് മറ്റാരുമായും സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വ്യക്തികള്‍ താമസിക്കുന്ന പാലമേല്‍ പാറ്റൂര്‍ റസിഡന്‍ഷ്യല്‍ ഏരിയയാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് മാവേലിക്കര തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും ഐ.പി.സി സെക്ഷന്‍ 188 269 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടറുടെ ഉത്തരവില്‍ പറയുന്നു.