ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂർണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേർക്ക് കുടിവെള്ള – ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുകയായിരുന്നു.

അധികമായി 3.66 ലക്ഷംപേർക്കുകൂടി ഈ സൗകര്യം ലഭ്യമാക്കാൻ ജലനിധിക്കു കഴിഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 1360.24 കോടി രൂപയാണ്. ഇതിന്റെ 65 ശതമാനമായ 884.31 കോടി രൂപ ലോകബാങ്കിൽനിന്നും ധനസഹായമായി ലഭിച്ചു.

കുടിവെള്ള പദ്ധതികളിലായി 10.56 ലക്ഷം പേർക്കും ശുചിത്വ പദ്ധതികളിലായി 8.10 ലക്ഷം പേർക്കും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഒന്നാംഘട്ടത്തിന്റെ പ്രവർത്തന ചെലവായി വിഭാവനം ചെയ്തിരുന്നത് 451.4 കോടി രൂപയായിരുന്നു.

സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോയതിനാൽ പ്രവർത്തന ചെലവ് 411 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചുവെന്നതും വകുപ്പിന്റെ നേട്ടമാണ്. രണ്ടാംഘട്ട പദ്ധതിയിൽ 11.5 ലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

2018, 2019 വർഷങ്ങളിലെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടും 11.60 ലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാക്കാനായി. ജലനിധി രണ്ടാംഘട്ട വായ്പയുടെ തിരിച്ചടവ് 2017 ജൂൺ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.

2036 ജൂൺ 15 വരെയാണ് തിരിച്ചടവ് കാലാവധി. അതുകൊണ്ട് പദ്ധതി പൂർത്തീകരണം വൈകുന്നത് വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കില്ല.
പദ്ധതിയുടെ കാലാവധി 2019 ജൂണിൽ അവസാനിച്ചെങ്കിലും കണക്കുകൾ തീർപ്പാക്കുന്നതിന് അതേവർഷം ഡിസംബർ 27 വരെ സമയം അനുവദിച്ചിരുന്നു.

കണക്കുകൾ ഓഡിറ്റ് ചെയ്തശേഷം ജനകീയ സമിതികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും കൈമാറുന്ന പ്രക്രിയ പൂർത്തിയായിവരുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ ഈ നടപടികൾക്ക് കാലതാമസം നേരിടുന്നുണ്ട്. അതു പൂർത്തിയാകുന്നതുവരെ പദ്ധതി കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ധനവകുപ്പ് ആവശ്യപ്പെട്ട വിശാദംശങ്ങൾ നൽകുന്ന മുറയ്ക്ക് കാലാവധിയുടെ കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകും.

പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കൽ (30 കോടി രൂപ), മഴവെള്ള സംഭരണത്തിന്റെ പ്രചാരണവും ഭൂജല പരിപോഷണവും (10 കോടി രൂപ) എന്നീ പദ്ധതികളും നടപ്പ് സാമ്പത്തിക വർഷം ജലനിധി ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. തുടർച്ചയായ പ്രളയങ്ങൾ പ്രതികൂലമായി ബാധിച്ച കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണവും അതിവേഗം പരിഹരിച്ചുവരുകയാണ്.

പദ്ധതി നടത്തിപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർതന്നെയാണ് ജലനിധി വിടുതൽ നടപടികളും പൂർത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ അധികചെലവ് ഒഴിവാക്കാനായി.

കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കൾതന്നെയാണ് തുടർ നടത്തിപ്പും പരിപാലനവും നിർവഹിക്കുന്നത്. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതും ഗുണഭോക്തൃ സമിതികളാണ്. ഇത് സർക്കാരിന്റെ ആവർത്തന ചെലവ് കുറയ്ക്കും.

മറ്റ് കുടിവെള്ള പദ്ധതികളുമായി താരതമ്യം ചെയ്താൽ ആവർത്തന ചെലവിൽ മാത്രം പ്രതിവർഷം 54 കോടിയോളം രൂപയുടെ കുറവ് കണ്ടെത്താൻ ജലനിധിക്ക് കഴിയുന്നുണ്ട്. ജലവിഭവ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ നയരൂപീകരണം, പദ്ധതി രൂപീകരണം, നിർവഹണം എന്നിവയ്ക്കാവശ്യമായ ഉപദേശം നൽകുന്ന ഉപദേഷ്ടാവിന്റെ നിർദേശങ്ങൾ പരിഗണിച്ചാണ് ജലനിധിയും പ്രവർത്തിക്കുന്നത്.

കുടിവെള്ള വിതരണ ആസ്തികൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജലനിധി പദ്ധതി തുടരണമെന്ന് 2009 ലെ ആസൂത്രണ ബോർഡിന്റെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിൽ കുടിവെള്ള ലഭ്യത കുറവായ പഞ്ചായത്തുകളിൽ ആവശ്യമായ ധനലഭ്യതയോടെ പദ്ധതി തുടരണമെന്നാണ് നിർദ്ദേശം.

ഗ്രാമീണ മേഖലയിൽ കുടിവെള്ള, ശുചിത്വ പദ്ധതികൾ നടപ്പാക്കുക മാത്രം ലക്ഷ്യമിട്ടാണ് കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (ജലനിധി) രൂപീകരിച്ചത്. അതുകൊണ്ടുതന്നെ ഇതേലക്ഷ്യം മുന്നോട്ടുവച്ച് നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിലും ജലനിധിക്ക് നിർണായക പങ്കാണുള്ളതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.