എസ്. എസ്. എൽ. സി ഫലം അറിയുന്നതിന് ജൂൺ 30ന് മാത്രം പി. ആർ. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 30 ലക്ഷം പേർ. തടസങ്ങളില്ലാതെ വളരെ വേഗത്തിൽ ഫലം അറിയാനാകുമെന്ന പ്രത്യേകതയാണ് കൂടുതൽ പേർ പി. ആർ. ഡി ലൈവിനെ ആശ്രയിക്കാൻ കാരണം.

ന്യൂസ് ആന്റ് മാഗസിൻ  വിഭാഗത്തിൽ ആ ദിവസങ്ങളിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു പി. ആർ. ഡി ലൈവ്. ക്ലൗഡ് സംവിധാനത്തിലൂടെ ഹോസ്റ്റ് ചെയ്തിരുന്ന ആപ്പിൽ സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോസ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതിനാൽ ഫലം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ തടസ്സമില്ലാതെ വിവരങ്ങൾ ലഭ്യമായി. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ പി. ആർ. ഡി ലൈവ് ലഭ്യമാണ്. കഴിഞ്ഞ രണ്ടുവർഷമായി കൂടുതൽ പേർ എസ്. എസ്. എൽ. സി/ പ്ലസ് ടു ഫലമറിയുന്നത് പി. ആർ. ഡി. ലൈവ് ആപ്പിലൂടെയാണ്.

സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ, വാർത്തകൾ, അറിയിപ്പുകൾ, മന്ത്രിസഭാ യോഗ തീരുമാനങ്ങൾ, ജില്ലകളിൽ നിന്നുള്ള വാർത്തകൾ എന്നിവ ഫോട്ടോയും വീഡിയോയും സഹിതം ആപ്പിൽ ലഭ്യമാണ്.