കാസർഗോഡ്:  ലോക്ഡൗണ്‍ കാലത്തും വനിതകളുടേയും കുഞ്ഞുങ്ങളുടേയും പോഷകാഹാര കാര്യത്തില്‍ കരുതലോടെ സര്‍ക്കാര്‍.  ലോക് ഡൗണ്‍ ആദ്യ ഘട്ടത്തില്‍ തന്നെ അങ്കണവാടി കുട്ടികളുടെ  ടേക്ക് ഹോം റേഷന്‍) എല്ലാ കുട്ടികളുടെയും വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ഭാഗമായി തന്നെ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍  അങ്കണവാടി പ്രവര്‍ത്തകര്‍ ടിഎച്ച്ആര്‍ കുട്ടികളുടെ വീടുകളിലേക്ക് എത്തിച്ചു നല്‍കി.
തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും ടിഎച്ച്ആര്‍ വിതരണവും കൃത്യമായി നിര്‍വ്വഹിച്ചു. ജൂണ്‍ ഒന്നു മുതല്‍ 30 വരെ ജില്ലയില്‍  ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലുള്ള 22864 കുട്ടികള്‍ക്കും മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള 23001 കുട്ടികള്‍ക്കും ഗര്‍ഭിണികളായ 8124  സ്ത്രീകളും പാലൂട്ടുന്ന 6432  അമ്മമാര്‍ക്കും 496 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും  ടിഎച്ച്ആര്‍ നല്‍കി.
 ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അമൃതം ന്യൂട്രിമിക്സും മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക്  അരി, ചെറുപയര്‍, റവ ഉപ്പുമാവ് , റവ പായസം, ഉഴുന്ന് , ഓയില്‍, നിലക്കടല, ദാല്‍, ശര്‍ക്കര തുടങ്ങിയവ അടങ്ങിയ  കിറ്റുകളും  ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമായി  റവ ഉപ്പുമാവ്, റവ പായസം, ഉഴുന്ന് , ഓയില്‍, ശര്‍ക്കര തുടങ്ങിയവയുടെ കിറ്റുകളും  വിതരണം ചെയ്തു.
ജില്ലയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ടിഎച്ച്ആര്‍ കവറേജ്  വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ശിശു വികസന പ്രൊജക്ട് ഓഫീസര്‍മാര്‍ക്ക്  ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി  വിജയകരമായി  മുന്നോട്ടു പോവുകയാണെന്നും ജൂലൈ മാസത്തേക്കുള്ള  ടി.എച്ച്.ആര്‍ വിതരണവും തുടങ്ങിക്കഴിഞ്ഞുവെന്നും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.
മൂന്ന് മാസം മുതല്‍ ആറ് വയസുവരെ പ്രായ മുള്ള കുഞ്ഞുങ്ങള്‍ 180 എം.എല്‍ പാല്‍ നല്‍കുന്ന പദ്ധതി മില്‍മയുമായി ചേര്‍ന്ന് ജില്ലയില്‍ പുരോഗമിക്കുകയാണ്. പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കായി നല്‍കുന്ന തേനമൃത് ന്യൂട്രിബാര്‍ മിഠായിയും ജില്ലയില്‍ വിതരണം ചെയ്തിരുന്നു.  ആരോഗ്യമുള്ള തലമുറയിലൂടെ ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള പരിപാടിയില്‍ അംഗണ്‍വാടി പ്രവര്‍ത്തകരാണ് കര്‍മ്മ നിരതരാകുന്നത്.