ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ എത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2.ജൂൺ 23 ന് യുഎഇ യിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശി(32).  കൊച്ചിയിൽ നിന്നും സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്സിയിൽ നെടുങ്കണ്ടത്തെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
മാസ്ക് ധരിക്കാത്തതിന് 56 കേസുകൾ 
ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 56 പെറ്റി കേസുകളും    സാമൂഹിക അകലം പാലിക്കാത്തതിന് 12 ക്രൈം കേസുകളും രജിസ്റ്റർ ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 738 പേര് നിരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും  പരിശോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കട്ടപ്പന മാർക്കറ്റിനെ കണ്ടെയ്‌ൻമെന്റ് മേഖലയിൽ  നിന്ന് ഒഴിവാക്കി
കട്ടപ്പന മാർക്കറ്റിനെ കണ്ടെയ്‌ൻമെന്റ് മേഖലയിൽ  നിന്ന് ഒഴിവാക്കി ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജൂൺ 19ന് കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പർക്കം മൂലം കോവിഡ് 19 വന്ന സാഹചര്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാർഡിലെ കട്ടപ്പന മാർക്കറ്റ് കണ്ടെയ്‌ൻമെന്റ് മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു. നിലവിൽ ഇവിടെ സമ്പർക്കത്തിലൂടെ കോവിഡ്  പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന മാർക്കറ്റ് ആയതിനാലുമാണ്   കട്ടപ്പന മാർക്കറ്റിനെ  കണ്ടെയ്‌ൻമെന്റ് മേഖലയിൽ നിന്ന് ഒഴിവാക്കിയത് .