മലപ്പുറം ജില്ലയിലെ എടവണ്ണ-നിലമ്പൂർ റെയിഞ്ചുകളിലെ ചക്കിക്കുഴി, വാണിയംപുഴ, കാഞ്ഞിരപ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു.

എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ.പി. അനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷനായി. പി.വി. അബ്ദുൾ വഹാബ് എം.പി. പി.വി. അൻവർ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായിരുന്നു.

വനം-വന്യജീവി സംരക്ഷണത്തിനൊപ്പം കർഷകരുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കൃഷി നശിപ്പിക്കുന്ന പന്നികളുടെ എണ്ണം പെരുകുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി പഞ്ചായത്ത് ജനജാഗ്രതാസമിതികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തേക്കുതോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉൾപ്പെടെ 4294.3439 ഹെക്ടർ വനമാണുള്ളത്. 2018-19 വർഷത്തിലാണ് എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചത്. കോൺഫറൻസ് ഹാൾ കം ബാരക്ക്, ഗസ്റ്റ് റൂം, തൊണ്ടിപ്പുര, റോഡ് കോൺക്രീറ്റിംങ്, പുഴയിലേയ്ക്കുള്ള പടവുകൾ എന്നിവ ഉൾപ്പെടെ 81.31 ലക്ഷം രൂപയാണ് നിർമ്മാണചെലവ്.

കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആകെ 11,129.706 ഹെക്ടർ വനമാണുള്ളത്. 2017-18 സാമ്പത്തിക വർഷത്തിലാണ് ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. സ്റ്റേഷൻ കെട്ടിടം, തൊണ്ടിപ്പുര, ഡോർമെറ്ററി എന്നിവ ഉൾപ്പെടെ 84,73755 രൂപയാണ് നിർമ്മാണ ചെലവ്. നിലമ്പൂർ താലൂക്കിലെ പോത്തുകൽ വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലങ്ങളാണ് വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്നത്. 2017-18 വർഷത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ആരംഭിച്ചുവെങ്കിലും 2019-ലെ പ്രളയത്തിൽ നിർമ്മാണ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. സ്റ്റേഷൻ കെട്ടിടം തൊണ്ടിപ്പുര, ഡോർമെറ്ററി എന്നിവ ഉൾപ്പെടെ 83,92,243 രൂപയാണ് നിർമ്മാണച്ചെലവ്.

ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തേക്കുതോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉൾപ്പെടെ 3583.15 ഹെക്ടർ വനമാണുള്ളത്. 2018-19 സാമ്പത്തിക വർഷത്തിലാണ് ഫോറസ്റ്റ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. സ്റ്റേഷൻ കെട്ടിടം, തൊണ്ടിപ്പുര, ഡോർമിറ്ററി എന്നിവ ഉൾപ്പെടെ 3743.79 സ്‌ക്വയർ ഫീറ്റ് ഏര്യയിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് 87,47,886 രൂപയാണ് നിർമ്മാണച്ചെലവ്.

മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല, വനം- വന്യജീവി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആഷാ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ്‌ലൈഫ്) സുരേന്ദ്രകുമാർ, പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) കെ. വിജയാനന്ദൻ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. വർക്കഡ് യോഗേഷ് നിലകണ്ഠ, സൗത്ത് ഡി.എഫ്.ഒ. സജികുമാർ തുടങ്ങിയവർ പങ്കെടുത്തു