പ്രതിസന്ധികളുടെ കാലത്ത് അതിജീവനത്തിന്റെ പതാക വാഹകരാകാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിയുന്നവെന്നത് ചാരിതാർത്ഥ്യജനകമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ കേരളത്തിലെ സഹകാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ലും 19 ലും കേരളം നേരിട്ട പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതബാധിതരെ സഹായിക്കുന്നതിനായി സഹകരണമേഖല സ്തുതർഹ പങ്ക് വഹിച്ചു. സമ്പൂർണമായി വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങൾക്ക് മനോഹരമായ വീടുകൾ നിർമ്മിച്ചുനൽകാൻ കഴിഞ്ഞതിലൂടെ സഹകരണചരിത്രത്തിൽ കേരളത്തിലെ സഹകരണപ്രസ്ഥാനം എക്കാലവും സ്മരിക്കപ്പെടുന്ന ഏടാണ് കൂട്ടിചേർത്തതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ട കെയർഹോമിന്റെ ഭാഗമായി ഫ്ളാറ്റ് സമുച്ചയത്തിന്റെ പണി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്കാലത്തെ സഹകരണ മേഖലയുടെ പ്രവർത്തനം മാതൃകാപരമാണ്. ബാങ്കിംഗ് സേവനം, ബാങ്കിംഗ് ഇതര സേവനങ്ങളും ആരോഗ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട് കൂട്ടായ്മയിലൂടെ നടപ്പിലാക്കി. അക്കാലത്തുയർന്നുവന്ന എല്ലാ പ്രതിസന്ധികളേയും കൂട്ടായി നേരിടാൻ സഹകരണ പ്രസ്ഥാനത്തിനായി.
കുറച്ച് വർഷങ്ങളായി സഹകരണ മേഖലയോട് കേന്ദ്രസർക്കാർ തുടരുന്നത് അവഗണനയാണ്.  ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് സഹകരണ മേഖല ശക്തമായ കേരളമാണ്. ഇപ്പോഴത്തെ ഓർഡിനൻസിലൂടെ കൊണ്ടുവന്ന നിയമഭേദഗതി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ദോഷകരമാണ്.  ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ ഏഴിന് ഓൺലൈൻ ചർച്ചയിലും തുടർന്നു നടക്കുന്ന പ്രവർത്തനങ്ങളിലും സഹകാരി സമൂഹത്തിന്റെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വച്ച് കെയർഹോം പദ്ധതിയിലെ രണ്ടായിരാമത്തെ വീടിന്റെ താക്കോൽ കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർത്ഥന് കൈമാറി. കെയർഹോം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു.
2019 ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു.  എട്ടുവിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി.  ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് കൺസ്യൂമർ ഫെഡറേഷനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സർവ്വീസ് സഹകരണ ബാങ്കും, മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കും  മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് അവാർഡ് കേരള ബാങ്കും നേടി.
സഹകരണ ദിനത്തോടനുബന്ധിച്ച് ജവഹർ സഹകരണ ഭവനിൽ സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ സഹകരണ പതാക ഉയർത്തി.  ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു.  സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗരി ടി.എൽ റെഡ്ഡി സ്വാഗതവും കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ ആശംസയും അർപ്പിച്ച് സംസാരിച്ചു.  തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇ. നിസാമുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.


വെബിനാർ സംഘടിപ്പിച്ചു

അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ വെബിനാർ സംഘടിപ്പിച്ചു.  ‘കോവിഡാനന്തര കേരളവും സഹകരണ പ്രസ്ഥാനവും’ എന്ന വെബിനാർ സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.  അഡീഷണൽ രജിസ്ട്രാർ – സെക്രട്ടറി ഇ.ആർ. രാധാമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമ്പത്തിക വിദഗ്ധനും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ്ജ് ജോസഫ് വിഷയം അവതരിപ്പിച്ചു.  ജനറൽ മാനേജർ ജി. ഗോപകുമാർ നന്ദി പറഞ്ഞു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 സഹകാരികൾ വെബിനാറിൽ പങ്കെടുത്തു.