തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പൗരാണിക ക്ഷേത്രമായ നെൽമണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തെ മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിംഗ് ഷെഡുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബാലമുരുകനാണ് പ്രതിഷ്ഠ. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കൽ തൂണുകളിൽ കാണാം. നെയ് ഭരണി അമ്പലം എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതിക്ക് സർക്കാർ 3.29 കോടി അനുവദിച്ചിരുന്നു. നെൽപ്പിണി ക്ഷേത്രത്തെ കൂടാതെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കീഴ്ത്തളി ശിവക്ഷേത്രം, തൃപ്പേക്കുളം ശിവക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് മാർത്തോമ പള്ളി, കോട്ടക്കാവ് പള്ളി തുടങ്ങി മുപ്പതോളം ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.