തിരുവനന്തപുരം  ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിങ്കളാഴ്ച (ജൂലൈ 6) രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.

പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്‌സ്, ജയിൽ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, ആർ.ഡി.ഒ, താലൂക്ക്-വില്ലേജ് ഓഫീസുകൾ, ട്രഷറി, മുൻസിപ്പാലിറ്റിയിലെ അവശ്യ സേവന വകുപ്പുകൾ, മറ്റ് അടിയന്തര സ്വഭാവമുള്ള വകുപ്പുകൾ, മാധ്യമപ്രവർത്തകർ എന്നിവർക്കു പുറമേ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. മാധ്യമസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ജീവനക്കാരെ പരമാവധി കുറച്ചുവേണം പ്രവര്‍ത്തിക്കാന്‍. മറ്റുള്ള ഓഫീസുകൾ വർക്ക് ഫ്രം ഹോം നയം സ്വീകരിക്കണം.

മെഡിക്കൽ അടിയന്തര സേവനങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം.

എന്നാൽ ഈ സേവനങ്ങൾക്കായി പുറത്തുപോകാൻ പാടില്ല. പകരം 112, 9497900112, 9497900121, 04712722500, 9497900286, 9497900296 എന്നീ നമ്പരുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. കോർപ്പറേഷൻ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിൻമെന്റ് സോണുകൾ അതുപോലെത്തന്നെ തുടരും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമംപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.