വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍  നടന്നുവരുന്ന വന മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നാല് ഫോറസ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു. നഗരമ്പാറ, ഇഞ്ചത്തൊട്ടി, വാളറ, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനുകളുടേയും ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ബാരക്കുകളുടേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വനം മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു.

വന സംരക്ഷത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെന്നും
ജൈവ വൈവിദ്ധ്യ സമ്പത്തിനെ സംരക്ഷിക്കാന്‍
കാര്യക്ഷമമായ പദ്ധതികളാണ്  നടപ്പാക്കി വരുന്നതെന്നും വനം മന്ത്രി പറഞ്ഞു.
വന്യ ജീവികളുടെ ആവാസ വ്യവസ്ഥ  നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.

കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണം നാടിന്റെ പൊതുവായ ആവശ്യമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം  നിലനിര്‍ത്തുന്നതിന് വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും എം പി പറഞ്ഞു.

വനം വകുപ്പിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകളും കൈകോര്‍ത്താണ് ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുക. വന വത്ക്കരണം, മണ്ണ് – ജലസംരക്ഷണം, ജൈവ വൈവിദ്ധ്യ പരിപോഷണം, വനങ്ങളിലെ മാലിന്യങ്ങള്‍ നീക്കല്‍ തുടങ്ങിയ പരിപാടികളും  വന മഹോത്സവത്തിന്റെ ഭാഗമായി നടത്തും.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ്ജി  പി.മാത്തച്ചന്‍,  അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, കൂട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സന്ധ്യ ലാലു, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ് കെ.ആര്‍, ഡി.എഫ്. ഒ മാരായ സുരേഷ് കുമാര്‍, സാജു വര്‍ഗ്ഗീസ്സ്, എം.വി.ജി കണ്ണന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.